| Friday, 20th May 2016, 11:11 pm

സമുദ്രനിരപ്പ് ഉയരുന്നു; സമീപ ഭാവിയില്‍ ഇന്ത്യയിലെ 40 മില്യണ്‍ ജനങ്ങള്‍ക്ക് ഭീഷണിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പ്രകൃതിയെ പരിഗണിക്കാതെയുള്ള അശാസ്ത്രീയ വികസനം മൂലം കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളെന്ന് യു.എന്‍ റിപ്പോര്‍ട്ട്. സമീപ ഭാവിയില്‍ ഭൂമിയില്‍ കനത്ത പ്രകൃതിദുരന്തങ്ങളുണ്ടാകുമെന്നാണ് ഗ്ലോബല്‍ എന്‍വിയോണ്‍മെന്റ് ഔട്ട്‌ലുക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2050തോടെ സമുദ്ര നിരപ്പ് ക്രമാധീതമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ 40 മില്യണ്‍ ജനങ്ങളെ ദുരന്തത്തിന് ഇരയാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ തീരദേശവാസികള്‍ക്കാണ് സമുദ്രം ഭീഷണിയുയര്‍ത്തുന്നത്.

പസഫിക്, ദക്ഷിണപൂര്‍വ്വ രാജ്യങ്ങളിലായിരിക്കും ദുരന്തം വിതയ്ക്കുക. ഗ്രീന്‍ലാന്‍ഡിലെയും, അന്റാര്‍ട്ടിക്കയിലെയും മഞ്ഞു പാളികള്‍ വളരെ വേഗത്തില്‍ ഉരുകുന്നതാണ് സമുദ്ര നിരപ്പ് ഉയരുന്നതിനുള്ള പ്രധാന കാരണം.

അടുത്ത 200 വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തില്‍ സമുദ്രനിരപ്പ് ഒരു മീറ്റര്‍ വരെ ഉയരുമെന്ന് കഴിഞ്ഞ വര്‍ഷം നാസ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എന്നിന്റെ റിപ്പോര്‍ട്ട് വരുന്നത്.

ബംഗ്ലാദേശ്, ചൈന, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങള്‍ക്കും കടുത്ത ഭീഷണിയിലാണ്. വികസനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്ന തീരദേശങ്ങളെയായിരിക്കും ദുരന്തം ബാധിക്കുക. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ സമുദ്ര നിരപ്പ് അപകടകരമാം വിധം ഉയരുന്നതായി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഈ നൂറ്റാണ്ടില്‍ 14 സെന്റിമീറ്റര്‍ ഉയര്‍ച്ചയാണ് സമുദ്രനിരപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more