'ബഡായി ബംഗ്ലാവ്' എഷ്യാനെറ്റ് അവസാനിപ്പിക്കുന്നു; പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയറിച്ച് പിഷാരടി
Mini Screen
'ബഡായി ബംഗ്ലാവ്' എഷ്യാനെറ്റ് അവസാനിപ്പിക്കുന്നു; പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദിയറിച്ച് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th May 2018, 11:49 am

കൊച്ചി: അഞ്ച് വര്‍ഷത്തിലധികമായി ആരാധകരെ ചിരിപ്പിച്ച് മുന്നേറുന്ന ബഡായി ബംഗ്ലാവ് എഷ്യാനെറ്റ് അവസാനിപ്പിക്കുന്നു. പരിപാടിയുടെ അവതാരകനായ രമേശ് പിഷാരടി തന്നെയാണ് പരിപാടി അവസാനിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്.

ഇനി സംപ്രേഷണം ചെയ്യാനുള്ള രണ്ട് എപ്പിസോഡുകള്‍ കൂടി അവസാനിച്ചാല്‍ “ബഡായി ബംഗ്ലാവ്” അവസാനിക്കുമെന്നും 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നെന്നും പിഷാരടി പറഞ്ഞു.

ഡയാന സില്‍വസ്റ്റര്‍ ആണ് പരിപാടിയുടെ പ്രെഡ്യൂസര്‍, മുകേഷ്, ആര്യ, പ്രസീദ, ധര്‍മ്മജന്‍, മനോജ് ഗിന്നസ് തുടങ്ങിയവരാണ് ബഡായി ബംഗ്ലാവിലെ പ്രധാനതാരങ്ങള്‍. സൂപ്പര്‍ ഹിറ്റ് പരിപാടിയായിരുന്ന സിനിമാലക്ക് ശേഷമാണ് ബഡായി ബംഗ്ലാവ് എഷ്യാനെറ്റ് ആരംഭിച്ചത്. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ കോമഡി നൈറ്റ് വിത്ത് കപില്‍ എന്ന് പരിപാടിയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് 2013ല്‍ ബഡായി ബംഗ്ലാവ് ആരംഭിച്ചത്.

രമേശ് പിഷാരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരെ….
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ “ബഡായി ബംഗ്ളാവ്” പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ….
ഡയാന സില്‍വസ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ , പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു …

സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകള്‍ …
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി നിങ്ങളാണ് ……