| Wednesday, 9th June 2021, 11:18 am

സുന്ദരയ്ക്കു പണം കൊടുത്തതു മാധ്യമപ്രവര്‍ത്തകനെന്നു ജന്മഭൂമി വാര്‍ത്ത; വസ്തുതകള്‍ നിരത്തി മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. സുരേന്ദ്രനെതിരായ കോഴ ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ബി.ജെ.പി. മുഖപത്രം ജന്മഭൂമി. മഞ്ചേശ്വരത്തു സുരേന്ദ്രനെതിരെ മത്സരിക്കാനിരുന്ന കെ. സുന്ദരയ്ക്കു പണം നല്‍കിയെന്ന വാര്‍ത്തയ്ക്കായി മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണു കാശുമായി ചെന്നതെന്ന തരത്തിലാണു ജന്മഭൂമിയുടെ വാര്‍ത്ത.

ഇതിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് കാസര്‍കോട് റിപ്പോര്‍ട്ടര്‍ വിഷ്ണുദത്ത് അരിയന്നൂര്‍ രംഗത്തെത്തി. ജന്മഭൂമി വാര്‍ത്തയെ ട്രോളിയും വാര്‍ത്തയിലെ വസ്തുതാപരമായ പിശകുകളെ ചൂണ്ടിക്കാണിച്ചും വിഷ്ണുദത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.

സുന്ദര സി.പി.ഐ.എം തടങ്കലിലോ? ചാനല്‍ നല്‍കിയതു മൂന്നുലക്ഷം എന്ന തലക്കെട്ടിലാണു ജന്മഭൂമി വാര്‍ത്ത. സുന്ദരയ്ക്ക് പിന്‍മാറാന്‍ ബി.ജെ.പി കോഴ നല്‍കിയെന്നു പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നുലക്ഷം രൂപ നല്‍കിയോ എന്ന് ചോദിച്ചുകൊണ്ടാണു വാര്‍ത്ത നല്‍കിയിരിക്കുന്നത്.

വാര്‍ത്തയ്ക്കുള്ളില്‍ പെര്‍ള പഞ്ചായത്ത് ഭരണം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലാണെന്നും സുന്ദര ഇവിടത്തെ വാണിനഗറിലാണു താമസിക്കുന്നതെന്നുമാണു പറയുന്നത്.

എന്നാല്‍ കാസര്‍കോട് ജില്ലയില്‍ പെര്‍ള എന്നൊരു പഞ്ചായത്തില്ലെന്നും വാണിനഗര്‍ എന്‍മകജെ പഞ്ചായത്തിലാണെന്നുമാണു വസ്തുതയെന്നു വിഷ്ണുദത്ത് പറയുന്നു. ഈ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4000 ത്തിലധികം വോട്ടിന്റെ ലീഡ് സുരേന്ദ്രനുണ്ടായിരുന്നു.

മാത്രമല്ല നിലവില്‍ കോണ്‍ഗ്രസിനാണു ഭരണമെങ്കിലും 18 വര്‍ഷം ബി.ജെ.പി തുടര്‍ച്ചയായി ഭരിച്ച പഞ്ചായത്താണിത്.

അതേസമയം കെ. സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ഐ.പി.സി. 171 ബി വകുപ്പ് പ്രകാരമാണു സുരേന്ദ്രനെതിരെ കേസെടുത്തത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന പരാതിയിലാണു കേസെടുത്തിരിക്കുന്നത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രമേശനാണു പരാതി നല്‍കിയത്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്നു പിന്മാറാന്‍ ബി.ജെ.പിക്കാര്‍ തനിക്കു പണം നല്‍കിയെന്നു കെ. സുന്ദര പറഞ്ഞതോടെയാണു വിവാദങ്ങള്‍ ആരംഭിക്കുന്നത്.

സുരേന്ദ്രനും ബി.ജെ.പിയും സുന്ദരയുടെ വെളിപ്പെടുത്തലുകളെ നിഷേധിച്ചെങ്കിലും പണം നല്‍കിയതു യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കാണെന്നു കഴിഞ്ഞ ദിവസം കെ. സുന്ദര പൊലീസിനു മൊഴി നല്‍കി.

സുനില്‍ നായിക്ക്, സുരേഷ് നായിക്ക് തുടങ്ങിയവരാണു പണം നല്‍കാന്‍ വന്നതെന്നും സുന്ദര പറഞ്ഞു. അശോക് ഷെട്ടിയും സംഘത്തിലുണ്ടായിരുന്നുവെന്നു സുന്ദര പറഞ്ഞു. ബദിയടുക്ക പൊലീസിനാണു സുന്ദര മൊഴി നല്‍കിയത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും സുന്ദര പറഞ്ഞു.

സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. മൊഴിനല്‍കിയ ശേഷം വീട്ടിലെത്തിച്ചതും പൊലീസ് സംരക്ഷണിയിലാണ്. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ടു സുനില്‍ നായിക്കിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനില്‍ നായിക്കായിരുന്നു പണം നല്‍കിയതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിനു മൊഴി നല്‍കിയത്.

മാര്‍ച്ച് 21 നു ബി.ജെ.പി പ്രവര്‍ത്തകര്‍ കെ. സുന്ദരയുടെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രം സുനില്‍ നായിക്ക് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശുവാങ്ങിയതു തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര നേരത്തെ പറഞ്ഞിരുന്നു.

ആരുടെയും പ്രലോഭനത്തിലല്ല ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും കെ. സുന്ദര വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണു പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കാള്‍ പണം നല്‍കിയെന്നു കെ. സുന്ദര വെളിപ്പെടുത്തിയത്.

വിഷ്ണുദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

പ്രിയ ജന്മഭൂമി…

സുന്ദരക്ക് നല്‍കാന്‍ കൊണ്ടുവന്നത് 3 ലക്ഷമെങ്കിലും പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ കൊടുത്തത് ഒരു ലക്ഷമാണെന്നും
2 ലക്ഷം റിപ്പോര്‍ട്ടര്‍ തന്നെ മുക്കിയെന്നും ജനസംസാരമുണ്ട്
ഇതില്‍ തന്റെ പങ്ക് കിട്ടാത്തതില്‍ നിരാശനായ ക്യാമറാമാന്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയെന്നും കേള്‍ക്കുന്നു
അത് പോട്ട്…

പറയാന്‍ വന്ന പ്രധാനപ്പെട്ട കാര്യം
വാട്‌സ് ആപ് ഗ്രൂപ്പുകളിലും അനുഭാവി ഓണ്‍ലൈന്‍ ചാനലുകളിലും ഈ വാര്‍ത്ത ഷെയര്‍ ചെയ്യുമ്പോള്‍ Factual Error ഒഴിവാക്കണം…

ശ്രദ്ധിക്കുക:
കാസര്‍കോട് ജില്ലയില്‍ പെര്‍ള എന്നൊരു പഞ്ചായത്തില്ല
സുന്ദര താമസിക്കുന്ന വാണിനഗര്‍ എന്‍മകജെ പഞ്ചായത്തിലാണ്
അവികസിത പ്രദേശമായ വാണി നഗര്‍ ഉള്‍പ്പെടുന്ന എന്‍മകജെ പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണെങ്കിലും അതിന് മുമ്പ് തുടര്‍ച്ചയായി 18 വര്‍ഷം ബി ജെ പി ഭരിച്ച പഞ്ചായത്താണ്

സുപ്രധാനമായ മറ്റൊന്ന് ഇക്കഴിഞ്ഞ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ 4000 + വോട്ടിന്റെ ലീഡാണ്

കെ.സുരേന്ദ്രന് എന്‍മകജെ പഞ്ചായത്തില്‍ നിന്ന് മാത്രം കിട്ടിയത്
പഞ്ചായത്തിന്റെ പേര് മാറ്റിയാണെങ്കില്‍പ്പോലും മുഖപത്രത്തില്‍ തന്നെ സ്വന്തം സംഘടനയെ അപമാനിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു
തേങ്ക്‌സ് ??

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Asianet News Reporter Vishnudath Ariyannur K Sundara K Surendran BJP

Latest Stories

We use cookies to give you the best possible experience. Learn more