| Tuesday, 7th March 2023, 6:58 pm

പബ്ലിക്കിലുള്ള വിഷ്വല്‍ ഞാനെന്തിന് അന്‍വറിന് നല്‍കണം; മാധ്യമപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം സ്വാധീനിച്ചിട്ടില്ല; പ്രചരണങ്ങളില്‍ സാനിയോ ഡൂള്‍ന്യൂസിനോട്

സഫ്‌വാന്‍ കാളികാവ്

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.വി. അന്‍വറിന് തെളിവുകള്‍ താനാണ് നല്‍കിയതെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ പ്രതികരവുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ.

പ്രചരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും പബ്ലിക്ക് ഡൊമൈനിലുള്ള വീഡിയോ താന്‍ അന്‍വറിന് കൊടുക്കേണ്ടതില്ലെന്നും സാനിയോ ഡുള്‍ന്യൂസിനോട് പറഞ്ഞു. താന്‍ ഒരു ഇടതുപക്ഷക്കാരിയാണെങ്കിലും തന്റെ വാര്‍ത്തകളില്‍ രാഷ്ട്രീയം കടന്നുവരാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സാനിയോ പറഞ്ഞു.

‘ഞാനൊരിക്കലും ഒരു കാര്യവും ഒറ്റുകൊടുക്കേണ്ടതില്ല. ഈ പറയുന്ന രണ്ട് വീഡിയോകളും പബ്ലിക്ക് ഡോമൈനില്‍ ഉള്ളതാണ്. യൂട്യൂബില്‍ അത് ലഭ്യമാണ്. എന്റെ സ്റ്റോറിയും നൗഫലിന്റെ സ്റ്റോറിയും യൂട്യൂബില്‍ ഉണ്ട്. അതുകൊണ്ട് അത് ആര്‍ക്ക് വേണമെങ്കിലും എടുത്തുകൊടുക്കാവുന്നതെയുള്ളു.

പ്രചരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. ഞാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെ മകന്റെ ഭാര്യയാണ്. അതിനെ ചിലര്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഒരിക്കലും ഇതിനെ വ്യക്തിപരമായി എടുക്കുന്നില്ല.

എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഈ പറയുന്ന ഇടതുനേതാക്കളുടെ ഒരുപാട് ചിത്രങ്ങളുണ്ട്. ഞാന്‍ ഇടതുപക്ഷക്കാരിയാണ്, അതില്‍ ഒരു സംശയവുമില്ല. പക്ഷെ എന്റെ പ്രൊഫഷണല്‍ ലൈഫില്‍ ഒരിക്കലും സി.പി.ഐ.എമ്മിനോട് അനുകൂലമായിട്ട് നിന്നിട്ടില്ല. നിന്നിട്ടില്ല എന്ന് മാത്രമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ പോലും സി.പി.ഐ.എമ്മന് എതിരായി ഒരുപാട് വാര്‍ത്തകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്,’ സാനിയോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തക വാര്‍ത്ത ചെയ്യുമ്പോഴുള്ള അറ്റാക്കായിട്ടാണ് ഇപ്പോഴുള്ള പ്രചരണത്തേയും കാണുന്നതെന്നും സി.പി.ഐ.എമ്മിന് എതിരായി വാര്‍ത്ത ചെയ്തതിന് സൈബര്‍ അറ്റാക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും സാനിയോ പറഞ്ഞു.

‘ഈ അടുത്ത് ചെയ്ത പയ്യന്നൂര്‍ പെരുമ്പ, മാടമമ്പലം റോഡ് ഇഷ്യൂവില്‍ റിപ്പോര്‍ട്ട് സി.പി.എം.എമ്മിന് എതിരായിട്ടായിരുന്നു.

സി.പി.ഐ.എമ്മിന് എതിരായിട്ട് വാര്‍ത്ത ചെയ്തതിന് എനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൂടെ ഞാനും ഉണ്ടായിട്ടുണ്ടെന്ന് ആ സമയത്ത് പ്രചാരണമുണ്ടായിരുന്നു. അത്തരത്തിലുള്ള, ഒരു മാധ്യമപ്രവര്‍ത്തക വാര്‍ത്ത ചെയ്യുമ്പോഴുള്ള അറ്റാക്കായിട്ടാണ് ഇപ്പോഴുള്ളതിനെയും ഞാന്‍ കാണുന്നത്,’ സാനിയോ പറഞ്ഞു.

ഇപ്പോള്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് തന്റെ ഒപ്പം നില്‍ക്കുന്നുണ്ടെന്നും സാനിയോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.



വ്യാജ ചിത്രീകരണ ആരോപണ വിവാദത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് തെളിവുകള്‍ നല്‍കിയത് സാനിയോയാണെന്നാണ് ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നടക്കുന്ന പ്രചരണം.

വിഷയത്തില്‍ പി.വി. അന്‍വറാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. അന്‍വര്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിരന്തരമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ. ലതികയുടെ മകന്‍ ജൂലിയസ് നികിതാസിന്റെ ഭാര്യയാണ് സാനിയോ എന്നതും, ജൂലിയസ് അന്‍വറിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളാണ് എന്നതുമായിരുന്നു ഈ പ്രചരണങ്ങളുടെ ആധാരം.


Content Highlight: Asianet News Reporter Sanyo Respond In the controversy that he gave evidence to PV Anvar

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more