| Friday, 3rd March 2023, 9:27 pm

'നേരെ പറഞ്ഞിട്ടുള്ളു'; കുട്ടി വന്നത് മാതാപിതാക്കള്‍ക്കൊപ്പം; അച്ഛന്റെ പ്രതികരണം പുറത്തുവിട്ട് ഏഷ്യാനെറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലഹരിമരുന്നിനെതിരായ അന്വേഷണ പരമ്പരയില്‍ വ്യാജ വാര്‍ത്ത ചമച്ചെന്ന പ്രചാരണം തെറ്റെന്ന് തെളിയിക്കുന്നതാണ് പി.വി. അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അവകാശവാദം.

2022 ജൂലൈയില്‍ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടി ഉയര്‍ത്തിക്കാട്ടിയാണ് ഏഷ്യാനെറ്റിന്റെ പ്രതികരണം.

നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് തയ്യാറാക്കിയ പരമ്പരയിലെ ഒരു അഭിമുഖത്തിനെതിരെയായിരുന്നു ആരോപണങ്ങളുയര്‍ന്നിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാഫിന്റെ ബന്ധുവിന്റെ കുട്ടിയെ കൊണ്ട് വീഡിയോയില്‍ അഭിനയിച്ചിപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു പി.വി. അന്‍വര്‍ എം.എല്‍.എയടക്കമുള്ളവര്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. വെളിപ്പെടുത്തലുകള്‍ നടത്തിയ കുട്ടിയെ കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും ചാനല്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച നാല് ചോദ്യങ്ങളും മുഖ്യമന്ത്രി നല്‍കിയ മറുപടിയും

കേരളത്തില്‍ രാസലഹരിയുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും സംസ്ഥാനത്തേക്ക് ലഹരിയെത്തുന്ന വഴികളും കേന്ദ്രീകരിച്ചായിരുന്നു നവംബറില്‍ പുറത്തുവന്ന പരമ്പരയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരമ്പരയില്‍ മൂന്നാം ദിവസം നല്‍കിയ വാര്‍ത്ത സ്‌കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ചായിരുന്നു. കണ്ണൂരിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയെ രാസവസ്തുക്കള്‍ നല്‍കി സഹപാഠി ചൂഷണം ചെയ്ത സംഭവമാണ് ഇതില്‍ വിവരിച്ചത്. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണെന്നും സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട സൈബര്‍കൂട്ടങ്ങള്‍ ഇപ്പോള്‍ പ്രചരണം നടത്തുകയാണെന്ന് ചാനല്‍ പറയുന്നു.

‘എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീജിത് കൊടേരിക്കായിരുന്നു അന്വേഷണ ചുമതല. സഹപാഠിക്കെതിരെ ഇതിനോടകം തലശ്ശേരി പോക്‌സോ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഈ കുട്ടി അന്ന് മാതാപിതാക്കളോടൊപ്പം ഞങ്ങളുടെ അടുത്തെത്തി നടന്ന കാര്യങ്ങളെല്ലാം വിവരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന നല്ല ഉദ്ദേശ്യത്തിലായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ പുറംലോകത്തോട് പറയാന്‍ തയ്യാറായത്.

പോക്‌സോ കേസായതിനാല്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ഐഡിന്റിറ്റി ഒരു തരത്തിലും പുറത്തുപോകാത്ത വിധത്തിലായിരുന്നു ഞങ്ങളിത് ചിത്രീകരിച്ച് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്,’ നൗഫല്‍ ബിന്‍ യൂസുഫ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയിരിക്കുന്നത് വ്യാജ വാര്‍ത്തയല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവെന്ന് അവകാശപ്പെടുന്ന ഒരാള്‍ പറയുന്ന വീഡിയോയും ചാനലിന്റെ റിപ്പോര്‍ട്ടിലുണ്ട്. ‘ആ കേസിപ്പോള്‍ കോടതിയിലുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അന്വേഷിച്ചത്. ആ വാര്‍ത്തയൊന്നും വ്യാജമല്ല. നൗഫലാണ് എന്റെ മകളോട് സംസാരിച്ചതും ഇന്റര്‍വ്യു എടുത്തതും. അതില്‍ ഒരു കള്ളത്തരവുമില്ല. ഈ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് എന്റെ മകള്‍ മജിസ്‌ട്രേറ്റിന് മുമ്പിലും മൊഴി നല്‍കിയിരിക്കുന്നത്,’ കുട്ടിയുടെ പിതാവ് പറയുന്നതായി റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നു.

പെണ്‍കുട്ടിയുടെ അഭിമുഖം വ്യാജമാണെന്ന പരാതി ലഭിച്ചതിനെ കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് പറയുന്നുണ്ട്. മാര്‍ച്ച് രണ്ടിനാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് പാനൂര്‍ സ്വദേശിയായ ഒരാള്‍ പരാതിയുമായി എത്തിയതെന്നാണ് ഏഷ്യാനെറ്റ് അവകാശപ്പെടുന്നത്.  പരാതി ലഭിച്ചതിനെ കുറിച്ച് ടൗണ്‍ എസ്.ഐ സി.എച്ച് നസീബ് സംസാരിക്കുന്നതെന്ന പേരില്‍ ഒരു കോള്‍ റെക്കോഡിങ്ങും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.

ഈ അന്വേഷണ പരമ്പര സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങളെ സഹായിക്കുമെന്നായിരുന്നു മന്ത്രി എം.ബി രാജേഷ് അന്ന് പറഞ്ഞിരുന്നതെന്നും, ഇപ്പോള്‍ നടക്കുന്നത് ചാനലിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്നും ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു.

അതേസമയം ഏഷ്യാനെറ്റ്  വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും, വ്യാജ അഭിമുഖത്തിനായി  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ചതിനെതിരെ പോക്സോ ചുമത്തി അന്വേഷിക്കണമെന്നുമുള്ള പരാതി പൊലീസ് അന്വേഷിച്ച് വരികയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്.

Content Highlight: Asianet News reporter Naufal Bin Yousaf’s explanation on recent controversy

We use cookies to give you the best possible experience. Learn more