ന്യൂദല്‍ഹി: മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി. ശശി തരൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടിയ്‌ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 2020 മാര്‍ച്ച് ആറിനാണ് മീഡിയവണും ഏഷ്യാനെറ്റ് ന്യൂസും സംപ്രേഷണ വിലക്ക് നേരിട്ടത്. മതിയായ വിശദീകരണം നല്‍കാന്‍ ചാനലുകള്‍ക്ക് അവസരം നല്‍കാതെയാണ് ഇത്തരം ഉയര്‍ന്ന ശിക്ഷ നല്‍കിയതെന്നും സമിതി വിലയിരുത്തി.
ചാനലുകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയം അനാവശ്യ തിടുക്കം കാട്ടിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാതിരിക്കാന്‍ മന്ത്രാലയത്തിന്റെ തുടര്‍നടപടികള്‍ സുതാര്യവും നിഷ്പക്ഷവുമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു മാധ്യമ കമ്മീഷന്‍ രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പാനല്‍ ശുപാര്‍ശ അനുസരിച്ച് മാധ്യമരംഗത്തെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവരെ കമ്മീഷനില്‍ അംഗമാക്കണം.
ഭയരഹിതവും നീതിയുക്തവുമായി മാധ്യമങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് കമ്മീഷന്‍ രൂപീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.