| Wednesday, 22nd July 2020, 1:31 pm

ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കറിയാം: എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:ഏഷ്യാനെറ്റ് ന്യൂസിന്റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങള്‍ക്കറിയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ്. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ പ്രമുഖ ചാനലില്‍ നിന്ന് മാറിനില്‍ക്കുന്നത് പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ പോസിറ്റീവായാണ് സ്വീകരിച്ചത്’, അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് ടെലിവിഷന്‍ മാത്രമല്ല ജനങ്ങളുമായി സംവദിക്കാനുള്ള ഇടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യങ്ങളെ ഭയന്നിട്ടല്ല, പ്രതിനിധികളെ അവഹേളിച്ചതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചതെന്നും രാജേഷ് പറഞ്ഞു.

ജൂലൈ 19 ലെ ഏഷ്യനെറ്റ് ന്യൂസിന്റെ ചര്‍ച്ചയ്ക്കിടെ, തന്നെ സംസാരിക്കുന്നതില്‍ നിന്ന് 18 തവണയാണ് അവതാരകന്‍ വിലക്കിയതെന്ന് രാജേഷ് പറയുന്നു. പി. രാജീവിനും എം. സ്വരാജിനും ഇതേ അവസ്ഥയാണ് മുന്‍പുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന പാനല്‍ സന്തുലിതമല്ലെന്നും രാജേഷ് പറഞ്ഞു. 4:1 എന്ന അനുപാതത്തിലാണ് ചര്‍ച്ച നടക്കുന്നത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന രണ്ട് ‘സ്വതന്ത്ര നിരീക്ഷകരേയും’ ചര്‍ച്ചയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ക്ക് മറുപടി പറയാന്‍ ആവശ്യമായ സമയം നല്‍കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനാലും ചോദ്യം ചെയ്യുന്നതിനാലുമല്ല ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും തങ്ങളുടെ നേതാക്കളെ വാക്കുകള്‍കൊണ്ട് അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണ് കാരണമെന്നും രാജേഷ് പറഞ്ഞു. സ്വരാജ് സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവവും രാജേഷ് ചൂണ്ടിക്കാണിച്ചു.

നിഷ്പക്ഷമല്ലാത്ത ചാനലുകളില്‍പ്പോലും തങ്ങള്‍ ഇപ്പോഴും ചര്‍ച്ചയ്ക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സി.പി.ഐ.എം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.

‘ഒരാള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുന്ന നിലയില്‍ നടത്താന്‍. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യങ്ങളുന്നയിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് സി.പി.ഐ.എം ആണ് സ്വഭാവികമായും ചോദ്യങ്ങള്‍ കൂടുതല്‍ അവരോട് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കും. അതില്‍ ചാനല്‍ അവതാരകന്‍ എങ്ങനെ കുറ്റക്കാരനാകും’- എം.ജി രാധാകൃഷ്ണന്‍ ചോദിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more