കോഴിക്കോട് കൂട്ടബലാത്സംഗം നാര്‍ക്കോട്ടിക് ജിഹാദിന് ഉദാഹരണമെന്ന് വാദം; പ്രതിയും പരാതിക്കാരിയും ഒരേ സമുദായക്കാരല്ലെയെന്ന് അവതാരകന്‍; ഉത്തരം മുട്ടി സീറോ മലബാര്‍സഭ വക്താവ്
തിരുവനന്തപുരം: കോഴിക്കോട് വനിതയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം നാര്‍ക്കോട്ടിക് ജിഹാദിന് ഉദാഹരമാണെന്ന വാദവുമായി സീറോ മലബാര്‍സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍.
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ചാക്കോയുടെ വാദം. തുടര്‍ന്ന് അവതാരകന്‍ ഇതെങ്ങിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് ആവുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു.
ഇതിന് മറുപടിയായി കൊല്ലത്തുള്ള യുവതിയെ കോഴിക്കോട് വിളിച്ചുവരുത്തി ഒരു സമുദായത്തിലെ നാല് യുവാക്കള്‍ പീഡിപ്പിച്ചത് പ്രണയം കൊണ്ടല്ല എന്നായിരുന്നു ചാക്കോയുടെ മറുപടി.
തുടര്‍ന്ന് പ്രതികളും പരാതിക്കാരിയും ഒരേ സമുദായത്തില്‍പ്പെട്ടവരാണല്ലോ. പിന്നെങ്ങനെയാണ് അത് നാര്‍ക്കോട്ടിക് ജിഹാദ് ആവുന്നത്. ഇക്കാര്യം ദീപികയില്‍ എഴുതി കണ്ടല്ലോ? ഒന്ന് വിശദീകരിക്കൂവെന്ന് അവതാരകന്‍ ചോദിച്ചതോടെ ചാക്കോ മുസ്‌ലിം സമുദായത്തെ അങ്ങിനെ തീവ്രവാദത്തിന്റെയും ലഹരിയുടെയും വക്താക്കളായി അവതാരകന്‍ അവതരിപ്പിക്കരുതെന്നും എല്ലാ മതത്തിലും പെട്ട ആളുകളെ ലഹരിക്കടിമയാക്കുന്ന ഗ്രൂപ്പിനെതിരെയാണ് പറഞ്ഞതെന്നും പറയുകയായിരുന്നു.
ഇതോടെ മുസ്‌ലിം സമുദായത്തെ അടക്കം രക്ഷിക്കാനാണോ നര്‍ക്കോടിക് ജിഹാദ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവതാരകന്‍ ചോദിക്കുകയും ചെയ്തു.
പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് നര്‍ക്കോട്ടിക് ജിഹാദ് ആരോപണവുമായി രംഗത്ത് എത്തിയത്. കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.
മുസ്ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.
കല്ലറങ്ങോട്ടിന്റെ പരാമര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.