'ജയശങ്കറുള്ള ചര്‍ച്ചകളില്‍ സി.പി.ഐ.എം പങ്കെടുക്കില്ല'; ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി ഷംസീര്‍
Kerala News
'ജയശങ്കറുള്ള ചര്‍ച്ചകളില്‍ സി.പി.ഐ.എം പങ്കെടുക്കില്ല'; ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2020, 9:55 pm

കോഴിക്കോട്: അഡ്വ എ. ജയശങ്കറുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീര്‍. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സി.പി.ഐ.എമ്മിന്റെ ബഹിഷ്‌കരണം പിന്‍വലിക്കുന്നത് ജയശങ്കര്‍ അടക്കമുള്ളവരില്‍ ചിലരുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന ഉപാധിയിന്‍മേലായിരുന്നെന്ന് ഷംസീര്‍ പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീര്‍ ഇറങ്ങിപ്പോയത്. മുസ്‌ലീം ലീഗിനായി പി.കെ ഫിറോസും ബി.ജെ.പിയ്ക്കായി കെ.പി പ്രകാശ് ബാബുവുമായിരുന്നു ജയശങ്കറിനും ഷംസീറിനും പുറമെ പാനലിലുണ്ടായിരുന്നത്.

ജയശങ്കറുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഏഷ്യാനെറ്റടക്കമുള്ള ചാനലുകളോട് മുന്‍കൂട്ടി അറിയിച്ചതാണെന്നും ഷംസീര്‍ പറഞ്ഞു.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞ് സി.പി.ഐ.എം ചാനല്‍ ബഹിഷ്‌കരിച്ചിരുന്നു.

ജൂലൈ 20 നാണ് ചാനല്‍ അവതാരകര്‍ ചര്‍ച്ചകളില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് സി.പി.ഐ.എം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം ആരംഭിച്ചത്.


ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിലാണ് അവതാരകന്റെ സമീപനമെന്നായിരുന്നു സി.പി.ഐ.എം പറഞ്ഞിരുന്നത്.

പിന്നീട് ഒക്ടോബര്‍ 16 നാണ് സി.പി.ഐ.എം ബഹിഷ്‌കരണം അവസാനിപ്പിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ ബുധനാഴ്ച രാവിലെയാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്

നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.

2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി.

തുടര്‍ന്ന് 2019 മേയ് 1-ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.

ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asianet News Hour A.N Shamseer Boycoat Discussion Adv. Jayasankar