തിരുവനന്തപുരം: മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിന്ധു സൂര്യകുമാര്‍ തന്റെ നിലപാടറിയിച്ചത്.
രാജ്യസുരക്ഷ പ്രധാനപ്പെട്ട കാര്യമാണെന്നും അത് പക്ഷെ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുതെന്നും പോസ്റ്റില്‍ പറയുന്നു.
മീഡിയാവണിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാരണം അറിയാന്‍ മീഡിയാവണ്‍ സ്ഥാപനത്തിനെന്ന പോലെ പൊതുജനങ്ങനങ്ങള്‍ക്കും അവകാശമുണ്ടെന്ന് സിന്ധു സൂര്യകുമാര്‍ പറഞ്ഞു.
‘എന്ത് തരം ദ്രോഹം അല്ലെങ്കില്‍ ഭീഷണിയാണ് രാജ്യത്തിന് മീഡിയാവണ്‍ ഉണ്ടാക്കിയത് എന്നറിയാന്‍ അതിന്റെ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും മാത്രമല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പൗരര്‍ക്കും അവകാശമുണ്ട്,’ പോസ്റ്റില്‍ പറയുന്നു.
കാരണം നമുക്ക് മനസ്സിലാകാത്തിടത്തോളം ഈ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള, ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായേ കാണാനാവൂ. രാജ്യം എന്നാല്‍ ആത്യന്തികമായി മനുഷ്യരല്ലേയെന്നും സിന്ധു സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മീഡിയാവണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
നിലവില്‍ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയിരിക്കുകയാണ്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മീഡിയാവണ്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
മീഡിയാവണ്‍ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. നരേഷ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയ വണ്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്.
ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയാവണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.
പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.
ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയാവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചിരുന്നു.
സിന്ധു സൂര്യകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
രാജ്യസുരക്ഷ പ്രധാനപ്പെട്ട കാര്യമാണ്. അത് പക്ഷെ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത്.
എന്ത് തരം ദ്രോഹം അല്ലെങ്കില്‍ ഭീഷണിയാണ് രാജ്യത്തിന്
മീഡിയ വണ്‍ ഉണ്ടാക്കിയത് എന്നറിയാന്‍ അതിന്റെ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും മാത്രമല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പൗരര്‍ക്കും അവകാശമുണ്ട്.
അത് നമുക്ക് മനസ്സിലാകാത്തിടത്തോളം ഈ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള, ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായേ കാണാനാവൂ.
രാജ്യം എന്നാല്‍ ആത്യന്തികമായി മനുഷ്യരല്ലേ.
Content Highlights: Asianet News Chief Coordinating Editor Sindhu Sooryakumar supports Mediaone Channel