| Saturday, 7th March 2020, 11:33 am

ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും 48 മണിക്കൂര്‍ നിരോധനം; മണിക്കൂറുകള്‍ക്ക് ശേഷം വിലക്ക് നീക്കി സര്‍ക്കാര്‍; നടപടി ദല്‍ഹി പൊലീസിനേയും ആര്‍.എസ്.എസിനേയും വിമര്‍ശിച്ചതിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. രാത്രി 7.30 മുതലായിരുന്നു വിലക്ക്. എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് 7ാം തിയതി രാവിലെയോടെ പിന്‍വലിച്ചു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.

കേബില്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

മീഡിയ വണ്ണിന്റെ ദല്‍ഹി കറസ്പോണ്‍ണ്ടന്റ് ആയ ഹസ്നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ പറയുന്നത്. ഇരു ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗും നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ വിലക്കിനെതിരെ വലിയ പ്രതിഷേധം വന്നതിന് പിന്നാലെ മാര്‍ച്ച് എട്ടാം തിയതി പുലര്‍ച്ചെ ഒന്നരയോടെ ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുമാറ്റി. അപ്പോഴും മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നു. രാവിലെ 9.30 ഓടെ മാത്രമാണ് മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയത്. കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കുകയായിരുന്നു.

ഫെബ്രുവരി 25ന് 18.58.34 സെക്കന്റ് മുതല്‍ 19.09.19 മണിവരെയും രാത്രി 12.10.45 നും സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസീന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.
ഇതിന് ഏഷ്യാനെറ്റ് ന്യൂസ് വിശദമായ മറുപടി നല്‍കിയെങ്കിലും അത് പരിഗണിക്കാതെയാണ് 48 മണിക്കൂര്‍ നേരത്തെക്ക് വിലക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍ നടത്തിയ റിപ്പോര്‍ട്ടിനെ കുറിച്ചാണ് നോട്ടീസില്‍ പറയുന്നത്. പി.ആര്‍ സോനി എന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്.

നോട്ടീസിലെ ആരോപണങ്ങള്‍ ഇങ്ങനെ

1. ആയുധധാരികളായ ആക്രമി സംഘം ആളുകളെ മതം ചോദിച്ചതിന് ശേഷം ആക്രമിക്കുകയാണെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2. ദല്‍ഹി പൊലീസ് നിശബ്ദരായ കാഴ്ചക്കാരാണെന്ന് വിമര്‍ശിച്ചു.

3. മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത് എന്ന് റിപ്പോര്‍ട്ട് ചെയ്തു.

4.ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

5. കലാപം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല.

6. 1984ന് ശേഷം ദല്‍ഹി കണ്ട ഏറ്റവും വലിയ കലാപമെന്ന് വിശേഷിപ്പിച്ചു

7. ഒരു പ്രത്യേക സമുദായത്തോട് ചേര്‍ന്ന് നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കി

8. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് 1994 റൂള്‍സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചില്ല.

9. നിയമത്തിലെ 6(1) (സി) , 6(1) (ഇ) വകുപ്പുകള്‍ ലംഘിച്ചു.

10. ആക്രമണസമയത്ത് വാര്‍ത്താ സംപ്രേഷണത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു.

ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതും മീഡിയാ വണ്‍ ചാനലിനെ വിലക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.

ചാനലിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ല്‍കിയ നോട്ടിസില്‍ 25.02.2020ന് 06:10:02-06:47:07 മണിക്കും 00:30:22 മണിക്കും മീഡിയ വണ്‍ ചാനല്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

മീഡിയാ വണ്‍ ദല്‍ഹി കറസ്പോണ്ടന്റ് ഹസനുല്‍ ബന്നയായിരുന്നു ഈ റിപ്പോര്‍ട്ടിംഗ് നടത്തിയതെന്ന് നോട്ടീസില്‍ പറയുന്നു. ഒരു പ്രത്യേക സമുദായത്തിന് നേരെയുള്ള ആക്രമണമെന്ന തരത്തില്‍ ഹസനുല്‍ ബന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തെന്നാണ് നോട്ടിസിലൂടെ ആരോപിക്കുന്നത്.
മീഡിയ വണ്ണിന് നല്‍കികയ നോട്ടീസില്‍ പറയുന്ന മറ്റ് ആരോപണങ്ങള്‍ ഇങ്ങനെയായിരുന്നു.

1. സി.എ.എ വിരുദ്ധ സമരം നടക്കുന്നിടത്തേക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്തു.

2. ചന്ദ് ബാഗിലെ സി.എ.എ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

3. സി.എ.എ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും ഹസ്സനുല്‍ ബന്നയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായി.

4. മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് പറഞ്ഞു.

5. തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.

6. ദല്‍ഹിയിലെ ആക്രമണങ്ങള്‍ സി.എ.എ വിരുദ്ധരെ ലക്ഷ്യമിട്ടാണെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് പറയാന്‍ ശ്രമിച്ചു.

7. ആര്‍.എസ്.എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.

8. ദല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.

9. ആര്‍.എസ്.എസിനെയും ദല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.

ഇതെല്ലാം സര്‍ക്കാര്‍ കലാപ സമയത്ത് നല്‍കിയ നിര്‍ദേശങ്ങളെ ലംഘിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നത്.

മീഡിയ വണ്‍ ടിവിയുടെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് പ്രതികരിച്ചിരുന്നു. ദല്‍ഹിയില്‍ അരങ്ങേറിയ ആസൂത്രിത വംശഹത്യ ശ്രമം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരിലുള്ള നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനതന്ത്രമാണ് ഇതെന്നും അക്രമം നടത്ിതയ വര്‍ഗീയ ശക്തികള്‍ക്കെ എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ദല്‍ഹി പൊലീസിനെതിരെയോ ചെറുവിരല്‍ അനക്കാത്തവരാണ് മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ദല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബി.ജെ.പി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാര്‍ത്ഥ താത്പര്യങ്ങളിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഫാസിസ്റ്റ് ഭരണത്തിന് കഈവില്‍ പണയംവെക്കാത്ത മാധ്യമ ധര്‍മ ധീരതയുടെ അടയാളമായി മാധ്യമങ്ങള്‍ മാറുക തന്നെ ചെയ്യുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റിനേയും മീഡിയാ വണ്ണിനേയും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി
മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും രംഗത്തെത്തി.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്നും. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്നും കെ.യു.ഡബ്ല്യു.ജെ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു.

സംപ്രേഷണം നിര്‍ത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more