കൊച്ചി: തോമസ് ചാണ്ടിയ്‌ക്കെതിരായ കായല്‍ കയ്യേറ്റ വിവാദം എല്‍.ഡി.എഫ് മുന്നണിയെ പിടിച്ചു കുലുക്കുന്നു. സി.പി.ഐ.എമ്മും സി.പി.ഐയും നേര്‍ക്കുനേര്‍ പോരാടുന്നിടത്തോളം കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാലിപ്പോഴിതാ പുതിയ വിവാദം ആരംഭിച്ചിരിക്കുകയാണ്.
മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദമായിരുന്നു തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനാരോഹണത്തില്‍ അവസാനിച്ചത്. വിവാദത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ രാജി വെച്ചതോടെയാണ് എന്‍.സി.പിയില്‍ നിന്നും തോമസ് ചാണ്ടി മന്ത്രി സ്ഥാനത്തെത്തുന്നത്. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെ ശശീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍.
തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ തനിക്ക് നന്ദി പറഞ്ഞു കൊണ്ട് ശശീന്ദ്രന്‍ സന്ദേശമയച്ചു എന്നാണ് വിനുവിന്റെ ആരോപണം. വിവാദമുണ്ടായ സമയത്ത് ശശീന്ദ്രനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും എന്നാല്‍ തോമസ് ചാണ്ടി രാജി വെച്ചതോടെ ശശീന്ദ്രന്‍ തന്നെ ഒരുപാട് തവണ വിളിച്ചെന്നും പക്ഷെ താന്‍ പ്രതികരിച്ചില്ലെന്നും വിനു ട്വിറ്ററില്‍ കുറിക്കുന്നു.
തുടര്‍ന്ന് അദ്ദേഹം തനിക്ക് എസ്.എം.എസ് അയച്ചെന്ന് പറയുന്ന വിനു നന്ദി പറഞ്ഞു കൊണ്ടുള്ള ശശീന്ദ്രന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്ത് വിട്ടിട്ടുണ്ട്. ചുമ്മാ സംസാരിക്കാനാണ്. നന്ദി എന്നാണ് സന്ദേശം. അതേസമയം ഇത് തോമസ് ചാണ്ടിയുടെ രാജിയ്ക്കുള്ള നന്ദി പ്രകടനമാണെന്നാണ് വിനുവിന്റെ ആരോപണം. ” എ.കെ ശശീന്ദ്രന്‍ ഒരു രാഷ്ട്രീയ അശ്ലീലമാണെന്ന് വീണ്ടും തെളിയിച്ചു! ചാണ്ടിയുടെ രാജിക്ക് പിന്നാലെ എനിക്ക് അയച്ച സന്ദേശം!” എന്നും വിനു പറയുന്നു.
കായല്‍ കൈയ്യേറ്റം പുറത്തുകൊണ്ടുവരികയും വാര്‍ത്ത ലൈംലൈറ്റില്‍ നിര്‍ത്തുകയും ചെയ്തത് ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദായിരുന്നു. ഈ വാര്‍ത്തകള്‍ക്ക് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതില്‍ വലിയ പങ്കുണ്ട്. തുടര്‍ന്ന് ടി.വി. പ്രസാദിനെ തേടി നിരവധി അഭിനന്ദനങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ന്യൂസ് അവര്‍ ചര്‍ച്ചകളിലൂടെ വിഷയം ലൈംലൈറ്റില്‍ നിര്‍ത്തിയതിനാകാം ശശീന്ദ്രന്‍ വിനുവിന് മെസേജ് അയച്ചതെന്നാണ് വിലയിരുത്തലുകള്‍.