| Sunday, 26th July 2020, 12:05 pm

'ഭരണകൂടത്തിനെ പുകഴ്ത്താന്‍ മാത്രം സമയം ചിലവഴിക്കുന്ന മത വിദ്വേഷം വളര്‍ത്താന്‍ യത്‌നിക്കുന്ന ഒരു ചാനലിനോട് ഉപമിക്കുന്നത് കഷ്ടം'; റിപ്പബ്ലിക് ചാനലിന് പരോക്ഷ വിമര്‍ശനവുമായി എം.ജി രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി എഷ്യാനെറ്റ് ന്യൂസ് ചാനല്‍ ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍.

ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ എഷ്യാനെറ്റുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നെല്ലാം സി.പി.ഐ.എം പിന്മാറിയതോടെയാണ് വീണ്ടും നിലപാട് വ്യക്തമാക്കി എം.ജി രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്.

ചര്‍ച്ചകളിലേക്കും സംവാദങ്ങളിലേക്കും സി.പി.ഐ.എം തിരികെ വരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം റിപ്പബ്ലിക് ടി.വിയുമായി ഉപമിച്ചതിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

‘ദേശീയ തലത്തില്‍ ഭരണകൂടത്തിനെ സ്ഥിരമായി പുകഴ്ത്താന് മാത്രം സമയം ചിലവഴിക്കുന്ന മത വിദ്വേഷം വളര്‍ത്താന്‍ മാത്രം യത്‌നിക്കുന്ന ഒരു ചാനലിനോടോ അങ്ങനെ ഉള്ള മാധ്യമങ്ങളോടോ ഞങ്ങളെ ഉപമിക്കുന്നത്, താരതമ്യം ചെയ്യുന്നത് പ്രത്യേകിച്ച് ഭരണകൂടത്തിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും മതസൗഹാര്‍ദ്ദവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഞങ്ങളെ പോലെ ഒരു ചാനലിനെ ഉപമിക്കുന്നത് ഹാ കഷ്ടം എന്നെ പറയാന്‍ ഉള്ളു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ റിപ്പബ്ലിക്ക് ടി.വിയോടും അര്‍ണാബ് ഗോസാമിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബഹിഷ്‌ക്കരണവുമായി സി.പി.ഐ.എമ്മിന്റെ ബഹിഷ്‌ക്കരണത്തെ പാര്‍ട്ടിയും പാര്‍ട്ടി അനുഭാവികളും താരതമ്യം ചെയ്തിരുന്നു. ഇതിനെതിരെയാണ് എം.ജി രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ പ്രതിനിധികള്‍ക്ക് ആവശ്യത്തിന് സമയം അനുവദിച്ചുകൊടുക്കുന്നില്ലെന്നും നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് സി.പി.ഐ.എം തീരുമാനിച്ചത്.

എന്നാല്‍ സി.പി.ഐ.എം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

‘ഒരാള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുന്ന നിലയില്‍ നടത്താന്‍. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യങ്ങളുന്നയിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് സി.പി.ഐ.എം ആണ് സ്വഭാവികമായും ചോദ്യങ്ങള്‍ കൂടുതല്‍ അവരോട് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കും. അതില്‍ ചാനല്‍ അവതാരകന്‍ എങ്ങനെ കുറ്റക്കാരനാകും’ എന്നായിരുന്നു എം.ജി രാധാകൃഷ്ണന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more