കേരളം ഒരു പൊലീസ് സ്റ്റേറ്റ് ആകുന്നുവോ? ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്റെ ലേഖനം ഓപ്പണ്‍ മാഗസിനില്‍ നിന്ന് അപ്രത്യക്ഷമായി
Kerala News
കേരളം ഒരു പൊലീസ് സ്റ്റേറ്റ് ആകുന്നുവോ? ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്റെ ലേഖനം ഓപ്പണ്‍ മാഗസിനില്‍ നിന്ന് അപ്രത്യക്ഷമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 8:01 pm

തിരുവനന്തപുരം: കേരളം ഒരു പൊലീസ് സ്റ്റേറ്റ് ആകുന്നുവോ എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എഴുതിയ ലേഖനം ഓപ്പണ്‍ മാഗസിനില്‍ നിന്ന് അപ്രത്യക്ഷമായി.

‘Has Kerala become a police state?’ എന്ന തലക്കെട്ടിലാണ് എം.ജി രാധാകൃഷ്ണന്‍ ഓപ്പണ്‍ മാഗസിനില്‍ ലേഖനമെഴുതിയത്. കേരള പൊലീസ് ആക്ട് ഭേദഗതിയും നിയമം പ്രാബല്യത്തിലാകുന്നതോടെ മാധ്യമസ്വാതന്ത്ര്യം അപകടത്തില്‍ പെടുന്നത് സംബന്ധിച്ച ആശങ്കയുമാണ് ലേഖനത്തിന്റെ പ്രമേയം. ഇതാണ് ഇപ്പോള്‍ മാഗസിനില്‍ നിന്നും അപ്രത്യക്ഷമായത്.

ഈ വിവരം എം.ജി രാധാകൃഷ്ണന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. ദുരൂഹമായി ആ ലേഖനം മാഗസിനില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് എം.ജി രാധാകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതി. ലേഖനത്തിന്റെ ഡിജിറ്റല്‍ പതിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.

1975 ലെ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമസഭാംഗമായിരുന്ന പിണറായി വിജയന്‍ നടത്തുന്ന പ്രസംഗത്തോടെയാണ് ലേഖനം തുടങ്ങുന്നത്.

മാഗസിന്റെ 42 മുതല്‍ 44 വരെയുള്ള പേജുകളിലാണ് ലേഖനം. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമായ മാഗസീന്റെ ഡിജിറ്റല്‍ പതിപ്പില്‍ 41-ാം പേജ് കഴിഞ്ഞാല്‍ ലഭ്യമാകുന്നത് നാല്‍പത്തിയാറാമത്തെ പേജാണ്. നിലവില്‍ അത് ലഭ്യമല്ല എന്നാണ് ലഭിക്കുന്ന വിവരം.

കേരള പൊലീസ് ആക്ടിലെ 118എ വകുപ്പും സംസ്ഥാനത്ത് യു.എ.പി.എ കേസുകളോടുള്ള സര്‍ക്കാര്‍ സമീപനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു ലേഖനം. ഈ വിശകലനങ്ങള്‍ വെച്ച് കേരളം എങ്ങനെ ഒരു പൊലീസ് സ്റ്റേറ്റായി മാറുന്നു എന്ന നിരീക്ഷണമാണ് എം.ജി ടത്തിയത്.

അതേസമയം ഈ ലേഖനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പരാമര്‍ശം നടത്തിയിരുന്നു. ഒക്ടോബര്‍ 16 ന് മീഡിയ അക്കാദമിയുടെ പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഒരു മുഖ്യധാരാ ചാനലിന്റെ എഡിറ്റര്‍ കേരളത്തെ പരിഹസിച്ച് ദേശീയ മാധ്യമത്തില്‍ ലേഖനമെഴുതിയിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എസ്. പ്രസന്ന രാജനാണ് ഓപ്പണ്‍ മാഗസിന്റെ എഡിറ്റര്‍. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ സഹ ഉടമസ്ഥരായ ആര്‍.പി.ജി ഗ്രൂപ്പിന്റേതാണ് ഓപ്പണ്‍ മാഗസിന്‍. രാംപ്രസാദ് ഗോയങ്കയുടേതാണ് ആര്‍.പി.ജി. ലേഖനം അപ്രത്യക്ഷമായതിനെ കുറിച്ച് ഓപ്പണ്‍ മാഗസിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Asianet Editors Article Disappeared From Open Magazine