| Sunday, 9th August 2020, 3:00 pm

പ്രസ് സെക്രട്ടറിക്ക് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ലെന്ന് വിനു വി ജോണ്‍; മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സര്‍ക്കാരും നല്‍കുന്നില്ലെന്ന് പി.എം മനോജ്; തര്‍ക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണും പി. എം മനോജും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുക്കണമെന്നും എത്ര ചോദ്യം ചോദിക്കണമെന്നതും മാധ്യമ സ്വാതന്ത്ര്യമാണെന്ന വിനു ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി.എം മനോജ്.

മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കുന്നില്ലെന്നായിരുന്നു പി.എം മനോജ് നല്‍കിയ മറുപടി.

‘മര്യാദകേടിനെ മര്യാദയെന്ന് വിളിക്കാനുള്ള ശമ്പളം ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കുന്നില്ല. മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള അധികാരം ഒരു ചാനല്‍ ജഡ്ജിക്കും ആരും നല്‍കിയിട്ടുമില്ല. കുഞ്ഞ് പോയി തരത്തില്‍ കളിക്ക്,’ പി. എം മനോജ് മറുപടിയായി ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് പി. എം മനോജ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു വിനുവിന്റെ ട്വീറ്റ്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം കേരള ഖജനാവില്‍ നിന്നാണ് പാര്‍ട്ടി ഓഫീസില്‍ നിന്നല്ല എന്ന് വിനു ട്വീറ്റ് ചെയ്തു. കടക്ക് പുറത്ത് എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.

‘പാര്‍ട്ടിയ്ക്ക് മാധ്യമ ബഹിഷ്‌കരണമാകാം. പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവില്‍നിന്നാണ്,പാര്‍ട്ടി ഓഫീസില്‍ നിന്നല്ല.വാര്‍ത്താ സമ്മേളനത്തില്‍എത്രപേര്‍വരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്,’ വിനു ട്വീറ്റ് ചെയ്തു.

നേരത്തെ മര്യാദയും മാന്യതയുമില്ലാതെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നുവെന്നായിരുന്നു പി.എം മനോജ് ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഏഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം മര്യാദയില്ലാതെയാണ് പെരുമാറുന്നതെന്നും മര്യാദയും മാന്യതയുമില്ലാതെ പെരുമാറാന്‍ ശമ്പളം കൊടുക്കാന്‍ ആളുണ്ടാകുമ്പോള്‍ അതിശയം വേണ്ടെന്നും പി.എം മനോജ് കുറിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


ContentHighlight: PM Manoj lashes out at Asianet journalists; Debate between Vinu V John and PM Manoj

We use cookies to give you the best possible experience. Learn more