| Monday, 12th April 2021, 11:46 am

കലാപരമായി രണ്ടാംകിടയും ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ജോജി; വിമര്‍ശനവുമായി എം.ജി രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ശ്യാം പുഷ്‌ക്കരന്റേയും ദിലീഷ് പോത്തന്റേയും ഇതിനകം തെളിയിക്കപ്പെട്ട പ്രതിഭ വെച്ച് നോക്കുമ്പോള്‍ കലാപരമായി രണ്ടാംകിടയും അതിലേറെ ധാര്‍മ്മികമായി പൊറുക്കാനാവാത്ത തെറ്റുമാണ് ജോജി എന്ന ചിത്രമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ജോജി എന്തുകൊണ്ട് നിരാശപ്പെടുത്തുന്നു എന്ന കുറിപ്പിലാണ് ചിത്രത്തോടുള്ള തന്റെ വിമര്‍ശനം അദ്ദേഹം തുറന്നെഴുതിയത്.

ഷേക്‌സ്പിയറുടെ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണിതിന്റെ കഥ എന്ന് ആദ്യം തന്നെ ചിത്രം എഴുതിക്കാണിക്കുന്നുണ്ടെന്നും പക്ഷെ ചിത്രം കാണുമ്പോള്‍ അവസരത്തിലും അനവസരത്തിലും ഒരു ഷേക്‌സ്പിയര്‍ വാചകം തട്ടിവിടുന്ന പോലെ തൊലിപ്പുറത്ത് മാത്രമാണ് മാക്‌ബെത്ത് സ്പര്‍ശം എന്ന് മനസ്സിലാകുമെന്നും അല്ലെങ്കില്‍ ആഗോളശ്രദ്ധ പിടിക്കാനൊരു തന്ത്രം മാത്രമായിരിക്കാം ഇതെന്നും എം.ജി രാധാകൃഷ്ണന്‍ പറയുന്നു.

‘മൂന്നര ദശാബ്ദം മുമ്പ് വന്ന കെ.ജി ജോര്‍ജ്ജിന്റെ ഉജ്വലമായ ‘ഇരകളുടെ’ വളരെ മോശമായ അനുകരണശ്രമമാണ് ഈ സിനിമ എന്നത് പകല്‍ പോലെ വ്യക്തം. മറക്കാന്‍ മാത്രം അത്ര പഴയതൊന്നുമല്ലാത്ത മലയാളത്തിലെ ക്ലാസ്സിക് ആണ് ഇരകള്‍ (1985). ആ ചിത്രവുമായുള്ള ‘ജോജി’യുടെ സാമ്യം മലയാളസിനിമ പരിചയമുള്ള എല്ലാവരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

എന്നിട്ടും എന്തുകൊണ്ട് ആരും അതിനു ജോജിയുടെ സൃഷ്ടാക്കളില്‍ നിന്ന് മതിയായ വിശദീകരണം തേടുന്നില്ല? മാത്രമല്ല ഈ സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെ ജോജിയെ അടിമുടി പുകഴ്ത്താന്‍ പലരും വെമ്പുന്നത് വിചിത്രമാണ്.

ഷേക്‌സ്പിയറില്‍ നിന്നുള്ള പ്രചോദനം അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ശ്യാമും ദിലീഷും ഫഹദും വാര്‍ദ്ധക്യത്തിലും അനാരോഗ്യത്തിലും ഏകാന്തതയിലും ജീവിതം തള്ളിനീക്കുന്ന ജോര്‍ജിനോട് എന്തുകൊണ്ട് അതു ചെയ്യുന്നില്ല? മാത്രമല്ല സാദൃശ്യങ്ങളെക്കുറിച്ച് ആരെങ്കിലും അങ്ങോട്ട് ചോദിക്കുന്നതുവരെ മൂന്നു പേരും നിശബ്ദത പാലിക്കുന്നത് അമ്പരപ്പിക്കുന്നതാണ്.

ദിലീഷുമായുള്ള ഒരു അഭിമുഖത്തില്‍ ഇക്കാര്യം ഉന്നയിച്ച ചോദ്യകര്‍ത്താവിനോട് അദ്ദേഹം പറയുന്ന നിഷ്‌കളങ്കമായ മറുപടി രസകരമാണ്. ‘ചില സാദൃശ്യങ്ങള്‍ സമ്മതിക്കുന്നു. കഥാതന്തുവിലും കഥാപാത്രങ്ങളിലുമൊക്കെ കാണാം. ഇരകളുടെ താരതമ്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേ ഉള്ളൂ. ആ ചിത്രം പോലെ മഹത്തായ സിനിമയാണ് ഞങ്ങളുടേതെന്ന് തോന്നുന്നുമില്ല..’

ഇക്കാര്യം ആരാഞ്ഞ മറ്റൊരു അഭിമുഖത്തില്‍ ശ്യാം തിരിച്ചു ചോദിച്ചത് രണ്ടിലും റബര്‍ തോട്ടമുണ്ടെന്നതുകൊണ്ട് രണ്ടും ഒന്നാണെന്നാണോ എന്നായിരുന്നു. സാദൃശ്യങ്ങള്‍ റബര്‍ തോട്ടത്തിലൊതുങ്ങുമോ’, എം.ജി രാധാകൃഷ്ണന്‍ കുറിപ്പില്‍ ചോദിക്കുന്നു.

എങ്ങിനെയും അധികാരവും പണവും മാത്രം ലക്ഷ്യമാക്കുന്ന സുറിയാനി ക്രിസ്ത്യാനി എസ്റ്റേറ്റ് മുതലാളിയുടെ സദാചാരരഹിതവും സ്‌നേഹശൂന്യവും സ്വാര്‍ത്ഥപൂര്‍ണവുമായ കുടുംബത്തിലെ അനിവാര്യമായ തകര്‍ച്ചയുടെയും അവിടെ വളരുന്നവരിലെ അക്രമവാസനയുടെയും മൂല്യരാഹിത്യത്തിന്റേയും അന്യവല്‍ക്കരണത്തിന്റെയും കഥയാണ് ഇരകളും ജോജിയും പറയുന്നത്. അമിത മദ്യപാനവും അസഭ്യഭാഷണവും അക്രമവും ആണധികാരവും ഒക്കെ അവിടെ സഹജം. (കൈക്കരുത്തിലും കള്ളിലും കാമത്തിലും അസഭ്യത്തിലും അര്‍മാദിക്കുന്ന ഈ ക്രിസ്ത്യന്‍ എസ്റ്റേറ്റ് ഉടമ/ ഹൈറേഞ്ച് വാസി, മടുപ്പിക്കുന്ന ക്ലിഷേ ആയില്ലേ? )

പ്രമേയത്തിലെ സാദൃശ്യങ്ങളില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ ആഖ്യാനശൈലിയും കഥാപാത്രങ്ങളും അന്തരീക്ഷവും രൂപകങ്ങളും എല്ലാം അച്ചിലിട്ട് എടുത്തപോലെയായാലോ? തോട്ടങ്ങള്‍ നിറഞ്ഞ കേരളത്തിലെ ഹൈറേഞ്ച് മേഖലയുടെ സവിശേഷമായ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം ആണ് ഇരു ചിത്രങ്ങള്‍ക്കും.

പ്രമേയത്തിലും ഭൂമിശാസ്ത്രത്തിലും കഥാപാത്രങ്ങളിലും അവസാനിക്കുന്നില്ല ഇരു ചിത്രങ്ങളിലേയും സാദൃശ്യങ്ങളെന്നും രഹസ്യങ്ങള്‍ പതിയിരിക്കുന്നുവെന്ന് തോന്നിക്കുന്ന രണ്ടു വീടുകളുടെയും വാസ്തുവിദ്യയിലും ഇരകളില്‍ വേണുവും ജോജിയില്‍ ഷൈജു ഖാലിദും സമര്‍ത്ഥമായി പകര്‍ത്തുന്ന വിഷാദിയായ ആ ഇരുണ്ട ഉള്‍ത്തളങ്ങളിലും അന്തേവാസികളുടെ ചലനങ്ങളിലും ഒഴുകിവരുന്ന റബര്‍ പാലിന്റേയും തോക്കുകളുടെയും ആവര്‍ത്തിക്കുന്ന ദൃശ്യങ്ങളിലുമൊക്കെ അവ തുടരുന്നുവെന്നും വേലക്കാര്‍ക്കും പുരോഹിതര്‍ക്കും പോലും സമാനതകളുണ്ടെന്നും എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.

സ്വന്തം പിതാവിനെ വകവരുത്തുന്നതില്‍ ജോജിയുടെ സഹപങ്കാളി ആണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്നത് മാത്രമാണ് ചിത്രത്തിലെ മാക്‌ബെത്ത് പ്രചോദനമെന്ന് ശ്യാം പുഷ്‌ക്കരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ ‘മാക്‌ബെത്ത് ലൈറ്റ്’! മാത്രമാണ് ഇതെന്നും എം.ജി രാധാകൃഷ്ണന്‍ കുറിപ്പിലെഴുതി.

ആണധികാരത്തിനെതിരെയുള്ള കലാപകാരി ആയി ബിന്‍സിയെ ഒരു ആംഗലാനിരൂപണത്തില്‍ കണ്ടു. ഇഷ്ടമല്ലാത്ത ദാമ്പത്യത്തില്‍ നിന്ന് ഇറങ്ങിവന്ന് സ്വന്തം ലൈംഗിക പങ്കാളിയെ കണ്ടെത്താന്‍ 35 വര്‍ഷം മുമ്പ് ചങ്കൂറ്റം കാട്ടിയ ഇരകളിലെ ആനിയെ അപേക്ഷിച്ച് സ്വന്തമായി ഒരു ഫ്‌ളാറ്റ് മാത്രം ആശിക്കുന്ന ബിന്‍സിയുടെ വിപ്ലവം എത്രയോ മൃദുലം! നാം എത്ര പിന്നിലേക്കാണ് നടക്കുന്നതെന്ന് തോന്നിപ്പോകുന്നു.

ഇരു സിനിമകളും തമ്മിലുള്ള വ്യത്യസ്തതകള്‍ നോക്കിയാല്‍ പോലും ജോജിയെ കൂടുതല്‍ പിന്നിലാക്കുന്നതേ ഉള്ളൂവെന്നും എം.ജി രാധാകൃഷ്ണന്‍ പറയുന്നു. സിനിമയുടെ വ്യാകരണം, ആഖ്യാനം, അഭിനയം, സംഗീതം, ഛായാഗ്രഹണം, സന്നിവേശം എന്നിവയിലൊക്കെ സൃഷ്ടാക്കളുടെ പ്രതിഭയ്ക്കും കാലത്തിനും ഒത്ത മുന്നേറ്റം തീര്‍ച്ചയായും ജോജിക്കുണ്ട്. പക്ഷെ സൃഷ്ടിക്ക് ഉള്‍ക്കനം നല്‍കുന്ന ചരിത്ര-രാഷ്ട്രീയ-സാമൂഹ്യ-ദാര്‍ശനിക മാനങ്ങളിലും പാത്രസൃഷ്ടി അടക്കമുള്ള ഭാവുകത്വഘടകങ്ങളിലുമൊക്കെ ഇരകളില്‍ നിന്ന് എത്രയോ ആഴം കുറഞ്ഞതാണ് ജോജി എന്നു പറയാതെവയ്യ.

കൊവിഡ് കാലത്തിന്റെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയുമൊക്കെ സൂചനകള്‍ ഒഴിച്ചാല്‍ 1980കളിലെ ഇരകള്‍ പ്രത്യക്ഷവും പരോക്ഷവുമായി ആവിഷ്‌ക്കരിച്ച രാഷ്ട്രീയ-സാമൂഹിക-മനഃശാസ്ത്ര പ്രപഞ്ചത്തെയും ഭാവുകത്വത്തെയും പോലെ നമ്മുടെ കാലത്തെക്കുറിച്ച് പുതുതായി എന്തെങ്കിലും പറയുന്നുണ്ടോ ജോജിയെന്നും എം.ജി രാധാകൃഷ്ണന്‍ കുറിപ്പില്‍ ചോദിച്ചു.

നേരത്തെ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കവി കെ. സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു. ഷേക്സിപിയറിന്റെ മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഇത് കണ്ട് ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും സച്ചിദാന്ദന്‍ പറഞ്ഞിരുന്നു. അനേകം സിനിമകളില്‍ കണ്ടുമടുത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു.

‘ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മാക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ ‘മക്ബൂല്‍’ പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റര്‍ടൈനര്‍ പോലും ആകാന്‍ ജോജിക്ക് കഴിഞ്ഞില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്‌കാരമായി ചിത്രം ചുരുങ്ങി. (ആ പ്രേത ദര്‍ശനം തരക്കേടില്ല).

ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, അനേകം സിനിമകളില്‍ കണ്ടുമടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, കണ്‍സെപ്റ്റ് തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asianet Editor MG Radhakrishnan About Film JOJI

We use cookies to give you the best possible experience. Learn more