പ്രശ്‌നം പരിഹരിക്കുന്നത് വരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല; ഓരോ ദിവസവും മാനസികമായി തളരുന്നു: സാക്ഷി മാലിക്
national news
പ്രശ്‌നം പരിഹരിക്കുന്നത് വരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല; ഓരോ ദിവസവും മാനസികമായി തളരുന്നു: സാക്ഷി മാലിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2023, 3:56 pm

ന്യൂദല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ഈ പ്രശ്‌നങ്ങള്‍ മാനസികമായി എത്രത്തോളം തളര്‍ത്തുന്നുവെന്നത് നിങ്ങള്‍ക്ക് അറിയില്ലെന്നും സാക്ഷി എ.എന്‍.ഐയോട് പറഞ്ഞു.

‘ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുകയുള്ളൂ. ഓരോ ദിവസവും ഞങ്ങളെ ഇത് എത്രത്തോളം മാനസികമായി തളര്‍ത്തുന്നുവെന്ന് നിങ്ങള്‍ക്ക് അറിയില്ല,’ സാക്ഷി പറഞ്ഞു.

അതേസമയം സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ തങ്ങളെ പിന്തുണച്ചവരോട് പങ്കുവെക്കുമെന്ന് ബജ്‌റംഗ് പൂനിയയും പറഞ്ഞു.

ബ്രിജ് ഭൂഷണിനെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു.

ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം അവര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം പിന്മാറുന്നതെന്ന് പൂനിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗുസ്തിക്കാര്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും തിരിച്ചെടുക്കണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറും സമ്മതിച്ചു.

ഞങ്ങളോടൊപ്പം സമരം ചെയ്ത കര്‍ഷക, വനിതാ സംഘടനകളുമായി ചര്‍ച്ച ചെയ്തു ഭാവികാര്യങ്ങള്‍ തീരുമാനിക്കും. ഗുസ്തി സമരം പൂര്‍ണമായി അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല,’ എന്നാണ് പൂനിയ അന്ന് പറഞ്ഞത്.

ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു.

content highlights: Asian will not participate in the game until the issue is resolved; Mentally exhausted every day: Sakshi Malik