| Saturday, 3rd December 2022, 2:25 am

ജയിച്ചത് ജപ്പാൻ, കൊറിയ, ഓസ്ട്രേലിയ; നേട്ടം ഇന്ത്യക്ക്?

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്ന് ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ച് റൗണ്ട് ഓഫ് 16ൽ എത്തുന്നത്. പോർച്ചു​ഗലിനെതിരെ സൗത്ത് കൊറിയ തകർപ്പൻ ജയം നേടിയതോടെയാണ് ജപ്പാനും ഓസ്‌ട്രേലിയക്കുമൊപ്പം ഒരു ഏഷ്യൻ രാജ്യം കൂടി നോക്കൗട്ടിൽ ഇടം പിടിച്ചത്.

ഭൂമിശാസ്ത്രപരമായി ഒഷ്യാനിയ മേഖലയിലാണ് സ്ഥാനമെങ്കിലും വർഷങ്ങളായി ഓസ്‌ട്രേലിയ എ.എഫ്‌.സിയുടെ (Asian Football Confederation) ഭാഗമാണ്. ഖത്തർ ലോകകപ്പിൽ നടക്കുന്ന ഈ അട്ടിമറി ജയങ്ങളും ഏഷ്യൻ ടീമുകളുടെ അത്ഭുത നേട്ടങ്ങളും ഭാവിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് സൂചന.

ഇത്തവണത്തെ ടൂർണമെന്റോടെ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഫിഫ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖത്തറിലെ ഏഷ്യൻ ടീമുകളുടെ പ്രകടനം വഴി വേൾഡ്കപ്പിൽ കൂടുതൽ സ്ലോട്ടുകൾ ആവശ്യപ്പെടാനുള്ള പഴുതുകൾ തുറക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ടാം റൗണ്ടിൽ എത്തിയില്ലെങ്കിലും സൗദി അറേബ്യയും ഇറാനും അടക്കം മറ്റ് ഏഷ്യൻ രാജ്യങ്ങളും ഗംഭീര പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്.

2018ലെ ലോകകപ്പ് വരെ യൂറോപ്യൻ, ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഏഷ്യൻ ടീമുകളെന്നാൽ ഗോളടിച്ചു കൂട്ടാനുള്ള എതിരാളികൾ മാത്രമായിരുന്നു.

എന്നാൽ യൂറോപ്യൻ – ലാറ്റിനമേരിക്കൻ ടീമുകൾക്ക് മേൽ പ്രഹരമേറ്റ പോലുളള പ്രകടനമാണ് ഖത്തറിൽ ‌ഏഷ്യൻ ടീമുകൾ കാഴ്ച വെക്കുന്നത്. അർജന്റീനയെ വീഴ്ത്തിയ സൗദിയും ജർമനിയെയും സ്‌പെയ്‌നിനെയും തകർത്ത ജപ്പാനും അതിനുദാഹരണങ്ങളാണ്.

ഭാവിയിൽ കൂടുതൽ ഏഷ്യൻ രാജ്യങ്ങൾക്ക് ലോകകപ്പ് ആതിഥേയത്വത്തിന് അവകാശം ഉന്നയിക്കാൻ ഖത്തറിലെ സംഘാടനവും വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ.

ഏഷ്യ പിന്നിലല്ലെന്ന് തെളിയിക്കാനും കൂടുതൽ ഏഷ്യൻ താരങ്ങൾക്ക് യൂറോപ്യൻ ലീഗുകളിൽ കളിക്കാനും ഖത്തർ ലോകകപ്പിലെ ഈ പ്രകടനങ്ങൾ വഴിയൊരുക്കും.

അതേസമയം ഖത്തർ ലോകകപ്പിൽ കരുത്തരായ പോർച്ചു​ഗലിനെ 2-1ന് തോൽപ്പിച്ചാണ് കൊറിയയുടെ മുന്നേറ്റം. ജയത്തോടെ മൂന്ന് മത്സരത്തിൽ നിന്ന് നാല് പോയിന്റുകൾ നേടിയ കൊറിയ ഗോൾ ശരാശരിയിൽ ഉറുഗ്വേയെ മറികടന്നാണ് നോക്കൗട്ടിൽ ഇടം പിടിച്ചത്.

Content Highlights: Asian teams make history in World Cup, it will help India in future, says report

We use cookies to give you the best possible experience. Learn more