മെസിയെ കരയിച്ചവര്‍ ഇന്ന് ഇന്ത്യക്കെതിരെ; ഛേത്രിക്ക് അഗ്നിപരീക്ഷ
ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി ഇന്ന് ഇന്ത്യയിറങ്ങുന്നു. ഏഷ്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ സൗദി അറേബ്യയാണ് എതിരാളികള്‍. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രധാന വെല്ലുവിളികളൊന്നാണിത്.
ഹാങ്ചൗവിലെ ഹുവാങ്‌ലോങ് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം നടക്കുന്നത്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ലൈവ് സ്ട്രീമിങ്ങിലും സോണി ലിവിലും മത്സരം കാണാന്‍ സാധിക്കും.
നൂറ്റാണ്ടിന്റെ അട്ടിമറിയില്‍ 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദിയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്കകളേറെയാണ്. ബ്ലൂ ടൈഗേഴ്‌സിനെ സംബന്ധിച്ച് സൗദിക്കെതിരായ മത്സരം അഗ്നിപരീക്ഷ തന്നെയാണ്.
ഫിഫ റാങ്കിങ്ങില്‍ 57ാം സ്ഥാനത്താണ് സൗദിയെങ്കില്‍ 102ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഏഷ്യന്‍ ഫുട്‌ബോളിലേക്ക് വരുമ്പോള്‍ ഇന്ത്യ 18ാം സ്ഥാനത്തും സൗദി അഞ്ചാം സ്ഥാനത്തുമാണ്.
ഗോളടിക്കുന്നതില്‍ ഒരു പിശുക്കുമില്ലാത്ത സൗദി അറേബ്യ ഇന്ത്യയുടെ ഗോള്‍മുഖത്തെ നിരന്തരം പരീക്ഷിക്കുമെന്നുറപ്പാണ്. ഏഷ്യന്‍ ഗെയിംസില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും 18 ഗോളുകളാണ് സൗദി അടിച്ചുകൂട്ടിയത്. അതേസമയം, മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ഗോള്‍ മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇതിന് മുമ്പ് സൗദി അറേബ്യയുമായി ഏറ്റുമുട്ടിയത്. 1982ലെ ദല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.
തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് സൗദിക്കെതിരായ മത്സരമെന്നാണ് ഇന്ത്യന്‍ കോച്ചായ ഇഗോര്‍ സ്റ്റിമാക് പറഞ്ഞത്. ടീമില്‍ ആര്‍ക്കും തന്നെ പരിക്കില്ലെങ്കിലും ജലദോഷമുള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ടീമിനെ വലയ്ക്കുന്നുണ്ടെന്നും സ്റ്റിമാക് വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റ ഇന്ത്യ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. മ്യാന്‍മറിനെതിരെ ഓരോ ഗോള്‍ വീതമടിച്ച് സമനില പിടിച്ചതോടെയാണ് ഇന്ത്യ പ്രീ ക്വാര്‍ട്ടറിനെത്തിയത്.
Content Highlight: Asian Games football, India will face Saudi Arabia