ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബാഡ്മിന്റണ്‍ സെമിഫൈനലില്‍ തോറ്റ സൈനയ്ക്ക് വെങ്കല മെഡല്‍. ഇന്നു നടന്ന സെമി പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-14. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.
അതേസമയം ഒളിംപിക് വെള്ളിമെഡല്‍ ജേതാവു കൂടിയായ പി.വി. സിന്ധു രണ്ടാം സെമി പോരാട്ടത്തില്‍ ഇന്നിറങ്ങുന്നുണ്ട്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ (21-11, 16-21, 21-14) തായ്ലന്‍ഡിന്റെ നിച്ചയോണ്‍ ജിന്‍ഡപോളിനെ തോല്‍പിച്ചാണു സിന്ധുവിന്റെ സെമി പ്രവേശം.
ജക്കാര്‍ത്തയില്‍ ഇന്ത്യയുടെ പതാകവാഹകനായിരുന്ന ജാവലിന്‍ താരം നീരജ് ചോപ്ര, ലോങ്ജംപ് ഫൈനലില്‍ നയന ജയിംസും നീന പിന്റോയും, 400 മീറ്റര്‍ ഹര്‍ഡില്‍സ് വനിതാ ഫൈനലില്‍ അനു രാഘവന്‍, ജൗന മര്‍മു, 400 മീറ്റര്‍ ഹര്‍ഡില്‍സ് പുരുഷ ഫൈനലില്‍ ധരുണ്‍ അയ്യസാമി, സന്തോഷ് കുമാര്‍, ഹൈജംപില്‍ ചേതന്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധ സിങ് തുടങ്ങിയവര്‍ക്കൊപ്പം വികാസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബോക്‌സിങ് താരങ്ങളും ഇന്ന് ഇന്ത്യന്‍ പ്രതീക്ഷകളുമായി പോരിനിറങ്ങും.