| Wednesday, 5th September 2018, 7:47 pm

'നിങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ണം നേടിയേനെ'; അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഏഷ്യന്‍ ഗെയിംസ് വെങ്കല ജേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെയും സര്‍ക്കാരിനെതിരെയും പൊട്ടിത്തെറിച്ച് ഏഷ്യന്‍ ഗെയിംസ് ഗുസ്തി വെങ്കല മെഡല്‍ ജേതാവ് ദിവ്യ കക്രാന്‍. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു ദിവ്യയുടെ പ്രതികരണം. മെഡല്‍ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങളുടെ മുന്നില്‍ വച്ചായിരുന്നു ദിവ്യയുടെ വിമര്‍ശനങ്ങള്‍.

“സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ എനിക്ക് സ്വര്‍ണം നേടാന്‍ സാധിക്കുമായിരുന്നു. “ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ വര്‍ഷം ആദ്യം ഞാന്‍ മെഡല്‍ നേടിയിരുന്നു. അതിന് ശേഷം എന്റെ മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന് താങ്കള്‍ പറഞ്ഞിരുന്നു.


Read:  വനിതാ കമ്മീഷന്‍ പിരിച്ചു വിടണം: വി മുരളീധരന്‍


എന്നിട്ട് എന്റെ ഫോണ്‍ കോള്‍ പോലും താങ്കള്‍ എടുത്തില്ല. ഇപ്പോള്‍ താങ്കള്‍ ഞങ്ങളെ ആദരിക്കുന്നു. പക്ഷേ അത്‌ലറ്റുകള്‍ ആകാന്‍ ഒരുപാട് പാവങ്ങളുടെ ആഗ്രഹിക്കുന്നുണ്ട്. ആദരിക്കാന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ ആളുണ്ട്. പക്ഷേ, പിന്തുണ നല്‍കാന്‍ ആരുമില്ല”. കൃത്യ സമയത്ത് പിന്തുണ നല്‍കിയിരുന്നെങ്കില്‍ സ്വര്‍ണം നേടാന്‍ സാധിക്കുമായിരുന്നുവെന്നും ദിവ്യ പറഞ്ഞു.

അതേസമയം, ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ കാരണം തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ ആവുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ തടസങ്ങള്‍ വരുന്നത് മാധ്യമങ്ങളില്‍ നിന്ന് നിങ്ങള്‍ വായിച്ചിരിക്കും. നിങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണ്.


Read:  ആര്‍ട്ടിക്കിള്‍ 35(എ) സംരക്ഷിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും; കേന്ദ്രത്തോട് ഫാറൂഖ് അബ്ദുള്ള


നിരവധി താരങ്ങള്‍ ഇതേ പരാതിയുമായി എത്തുന്നുണ്ട്. എന്തൊക്കെ പദ്ധതികളുമായി ഞങ്ങള്‍ വരുന്നുവോ അതെല്ലാം ഉന്നത തലത്തിലെ രാഷ്ട്രീയം കാരണം അവസാനിക്കുകയാണ്. ഇപ്പോള്‍ ഈ ചടങ്ങ് പോലും സുപ്രീം കോടതിയുടെ വിധിയുള്ളത് കൊണ്ടാണ് നടക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍ നടത്തുന്ന ഇടപെടലുകള്‍ പറയാതെ പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും താന്‍ നേരിട്ട കഷ്ടപാടുകള്‍ ദിവ്യ തുറന്ന് പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more