| Sunday, 26th August 2018, 12:11 am

ഏഷ്യന്‍ ഗെയിംസ് 2018; 14 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി ഹിമ ദാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ജക്കാര്‍ത്ത: ട്രാക്കിലെ ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷ യായ ഹിമ ദാസ് റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് 400 ഫൈനലിലേക്ക് യോഗ്യത നേടി. ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് 14 വര്‍ഷത്തെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച ഹിമയുടെ പ്രകടനം.

2004ല്‍ മഞ്ജീത് കൗര്‍ കുറിച്ച 51.05 സെക്കന്‍ഡായിരുന്നു 400 മീറ്ററില്‍ ഇതുവരെയുണ്ടായിരുന്ന ദേശീയ റെക്കോര്‍ഡ്. കൃത്യം 51 സെക്കന്‍ഡുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ഹിമ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

ഹിമക്കൊപ്പം ഇന്ത്യന്‍ താരമായ നിര്‍മലയും 400 മീറ്റര്‍ ഫൈനലിലെത്തിയിട്ടുണ്ട്. 100 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് സെമി ഫൈനല്‍ യോഗ്യതയും നേടി.

400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ മലയാളിയായ മുഹമ്മദ് അനസ് ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ 45.30 സെക്കന്‍ഡില്‍ ഒന്നാമതായാണ് അനസ് ഫെനലിലെത്തുന്നത്. ഇന്ത്യന്‍ താരമായ ആരോക്യയാണ് അനസിനൊപ്പം ഫൈനലിലെത്തിയ മറ്റൊരു താരം.

വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന അത്‌ലറ്റിക്‌സ് ഫൈനല്‍ മത്സരങ്ങളെ വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ കായികലോകം ഉറ്റുനോക്കുന്നത്.

ഏഷ്യന്‍ ഗെയിംസ് ഏഴാം ദിവസം അവസാനിക്കുമ്പോള്‍ ഏഴ് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 17 വെങ്കലവുമായി മെഡല്‍ വേട്ടയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ഷോട്ട് പുട്ടില്‍ തേജീന്ദര്‍പാല്‍ സിംഗ് നേടിയ സ്വര്‍ണ്ണ മെഡലാണ് ഇന്ത്യയെ ഒരു പടി മുന്നിലെത്തിച്ചത്.

We use cookies to give you the best possible experience. Learn more