| Saturday, 4th October 2014, 10:28 pm

ഇഞ്ചിയോണിന് വിട: ഇനി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഇഞ്ചിയോണ്‍: വര്‍ണാഭമായ ചടങ്ങുകളോടെ പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ സമാപനം. 16 നാള്‍ നീണ്ട ഏഷ്യന്‍ കായിക മാമാങ്കത്തില്‍ 151 സ്വര്‍ണമടക്കം 343 മെഡലുകള്‍ നേടി ചൈന ആധിപത്യമുറപ്പിച്ചു. 79 സ്വര്‍ണവുമായി ആതിതേയരായ ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്.

47 സ്വര്‍ണം നേടിയ ജപ്പാന്‍ മൂന്നാംസ്ഥാനത്തെത്തി. നാലു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ജാപ്പനീസ് നീന്തല്‍ താരം ഹാജിനോ കോസുകെയെയാണ് ഗെയിംസിന്റെ താരമായി തെരഞ്ഞെടുത്തത്. 11 സ്വര്‍ണവും 10 വെള്ളിയും 36 വെങ്കലവുമടക്കം 57 മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്.

ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയോടെ ആരംഭിച്ച സമാപനചടങ്ങുകള്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. കുട്ടികളുടെ പ്രാര്‍ഥനാഗാനത്തോടെ തുടങ്ങിയ ചടങ്ങിന് ആവേശം പകര്‍ന്ന്് ദക്ഷിണകൊറിയയുടെ തനത് കലാരൂപങ്ങളും ആയോധന കലകളും വേദിയില്‍ നിറഞ്ഞാടി.

കലാപരിപാടികള്‍ക്കു ശേഷം വിവിധ ഏഷ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പതാകകളുമായി താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നു. തുടര്‍ന്ന് 2018ല്‍ ഏഷ്യന്‍ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഇന്തോനേഷ്യയുടെ പതാക ഉയര്‍ത്തി ദീപശിഖയും ഗെയിംസ് പതാകയും അധികൃതര്‍ക്ക് കൈമാറി.

ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി യുങ് ഹോങ് വോണ്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

We use cookies to give you the best possible experience. Learn more