| Friday, 27th August 2021, 7:25 pm

നരേന്ദ്ര മോദിയെ വിമര്‍ശിച്ചു; കരണ്‍ ഥാപ്പറുടെ പംക്തി നിര്‍ത്തിവെച്ച് ദിനപ്പത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുടെ പംക്തി നിര്‍ത്തിവെച്ച് ദിനപ്പത്രമായ ഏഷ്യന്‍ ഏജ്. ഇന്ത്യ-പാകിസ്ഥാന്‍ വിഭജന സമയത്ത് ജമ്മു കശ്മീരിലെ മുസ്‌ലിങ്ങള്‍ നേരിട്ട അക്രമങ്ങളെ കുറിച്ചുള്ള ലേഖനത്തെ തുടര്‍ന്നാണ് കരണ്‍ ഥാപ്പറുടെ പംക്തി ഏഷ്യന്‍ ഏജ് നിര്‍ത്തിവെച്ചത്.

‘ആസ് ഐ സീ ഇറ്റ്’ എന്ന പേരില്‍ കഴിഞ്ഞ 10 മാസമായി ഏഷ്യന്‍ ഏജില്‍ കരണ്‍ ഥാപ്പര്‍ പംക്തി എഴുതിവരുന്നുണ്ടായിരുന്നു. ആഗസ്റ്റ് 20ന് ‘1947 വിഭജനത്തിന്റെ നടുക്കം: ചില പ്രത്യേക ഓര്‍മപ്പെടുത്തല്‍?’ എന്ന തലക്കെട്ടോടുകൂടി ഈ പംക്തിയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇപ്പോള്‍ നടപടിക്ക് കാരണമായിരിക്കുന്നത്.

ആഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കരണ്‍ ഥാപ്പറുടെ ഈ ലേഖനം. പ്രധാനമന്ത്രിയുടെ തീരുമാനം ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്ന് കരണ്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഈ ലേഖനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കടുത്ത സമ്മര്‍ദമുണ്ടാകുമെന്ന ഭയം കാരണമാണ് പത്രത്തിന്റെ ഉടമകള്‍ പംക്തി നിര്‍ത്തിവെക്കല്‍ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നതെന്ന് കരണ്‍ പറഞ്ഞു.

ലേഖനത്തിന്റെ അവസാന ഭാഗത്ത് വിഭജനകാലത്ത് ജമ്മു കശ്മീരിലെ മുസ് ലിങ്ങള്‍ നേരിട്ട അക്രമങ്ങള്‍ വിവരിച്ചിരുന്നു. ഹൈന്ദവരും സിഖുകാരും മുസ്‌ലിങ്ങളും ഒരുപോലെ വിഭജനത്തിന്റെ കെടുതി അനുഭവിച്ചിട്ടുണ്ടെന്നതാണ് വസ്തുതയെന്ന് കരണ്‍ പറയുന്നുണ്ട്.

ബ്രിട്ടനിലെ വെടിനിര്‍ത്തല്‍ ദിനം, ഇസ്രഈലിലെ ഹോളോകോസ്റ്റ് ദിനം, ആസ്ട്രേലിയയിലെയും ന്യൂസിലന്റിലെയും അന്‍സാക്ക് ദിനം തുടങ്ങിയ ഓര്‍മ ദിനങ്ങള്‍ സംഭവിച്ചുപോയ പിഴവുകള്‍ തിരുത്തി മനുഷ്യരെ ഒരുമിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ധ്രുവീകരണത്തിലേക്ക് മാത്രം നയിക്കുന്നതാണെന്നും കരണ്‍ പറഞ്ഞു.

വിഭജനസമയത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന ജമ്മു ആഴ്ചകളോളം നീണ്ടുനിന്ന വര്‍ഗീയ കലാപങ്ങള്‍ കാരണം ഹിന്ദു ഭൂരിപക്ഷപ്രദേശമായി മാറിയ സംഭവവും കരണ്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ജമ്മുവിലെ എണ്ണമറ്റ മുസ്‌ലിം വിരുദ്ധ അക്രമങ്ങളെ പറ്റി പ്രതിപാദിക്കുന്ന ലേഖനത്തില്‍ അന്ന് നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകളും കരണ്‍ ഥാപ്പര്‍ ഉള്‍പ്പെടുത്തിയിരുന്നു.

ദി സ്‌പെക്‌റ്റേറ്ററോട് മഹാത്മ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍, സ്റ്റേറ്റ്‌സ്മാനിലെ റിപ്പോര്‍ട്ടുകള്‍, പ്രമുഖ ഗവേഷകരായ അര്‍ജുന്‍ അപ്പാദുരൈ, ഏരിയന്‍ മാക്ക്, ഇന്ത്യയുടെ മുന്‍ മുഖ്യ ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ വജാഹത്ത് അബ്ദുള്ള എന്നിവരുടെ ലേഖനങ്ങള്‍ തുടങ്ങിയവയെല്ലാം  ഉദ്ധരിച്ചുകൊണ്ടായിരുന്നു കരണ്‍ ഥാപ്പറുടെ ലേഖനം.

രണ്ട് വര്‍ഷം മുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വിഭജനവുമായി ബന്ധപ്പെട്ട് ജമ്മുവില്‍ നടന്ന അക്രമങ്ങളെ കുറിച്ച് സമാനമായ ലേഖനമെഴുതിയിരുന്നെന്നും എന്നാല്‍ ഇന്ന് ഒരു ദേശീയ ദിനപ്പത്രം സമ്മര്‍ദത്തിന് മുന്നില്‍ ഇങ്ങനെ വളഞ്ഞുപോകുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും കരണ്‍ ഥാപ്പര്‍ ദി വയറിനോട് പ്രതികരിച്ചു.

ലേഖനം ഹിന്ദു – മുസ്‌ലിം പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നും അത് തങ്ങള്‍ക്ക് പേടിയാണെന്നുമാണ് പത്രത്തിന്റെ ഉടമകള്‍ പറഞ്ഞതെന്ന് എഡിറ്റര്‍ കൗശിക് മിട്ടര്‍ തന്നെ അറിയിച്ചുവെന്നും കരണ്‍ ഥാപ്പര്‍ പറഞ്ഞു. വിഷയത്തില്‍ ഇതുവരെ ഏഷ്യന്‍ ഏജ് പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ‘Asian Age’ Kills Karan Thapar Column After Mention of ‘1947 Violence Against Jammu Muslims’

We use cookies to give you the best possible experience. Learn more