വനിതാ ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിൽ ബംഗ്ലാദേശിനെ കീഴ്‌പ്പെടുത്തി ഇന്ത്യ. ഇന്നലെ പാകിസ്ഥാനോട് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും ബംഗ്ലാദേശിനെതിരെ 59 റൺസിന്റെ ജയവുമായി പോയ്ന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. ഇതോടെ സെമി ബർത്തും ഉറപ്പിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ത്തിൽ 159 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില് 100 റൺസാണ് നേടിയത്.
ഇന്ത്യക്കായി ഷഫാലി വർമയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 12 ഓവറിൽ 96 റൺസ് നേടിയ ഷഫാലി വർമയും ക്യാപ്റ്റൻ സ്മൃതി മന്ദാനയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
29 പന്തിൽ 36 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
ഓപ്പണിങ് വിക്കറ്റിൽ ഫർഗാന ഹോഖും 40 പന്തിൽ 30 റൺസ് നേടി. മുർഷിദ ഖാതൂൻ 25 പന്തിൽ 21 റൺസും സ്വന്തമാക്കി. നിഗർ സുൽത്താന മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബംഗ്ലാദേശിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യക്കായി ഷഫാലി വർമ നാലോവറിൽ 10 റൺസിന് രണ്ട് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി.
ഹർമൻപ്രീത് കൗറിന്റെ അഭാവത്തിൽ ക്യാപ്റ്റനായി ഇറങ്ങിയ സ്മൃതി മന്ദാനയും ഷഫാലി വർമയും തുടക്കത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ലീഡ് ഉയർത്തുകയായിരുന്നു.
പവർ പ്ലേയിൽ ഇരുവരും ചേർന്ന് ഇന്ത്യയെ 59 റൺസിലെത്തിച്ചു. തുടക്കത്തിൽ സ്മൃതിയാണ് ആക്രമണം നയിച്ചതെങ്കിൽ പിന്നീട് ഷഫാലി അത് ഏറ്റെടുത്തു. ഇതോടെ 12 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 96 റൺസിലെത്തി.
പന്ത്രണ്ടാം ഓവറിലെ അവസാന പന്തിൽ അർധ സെഞ്ച്വറിക്ക് അരികെ സ്മൃതിയും (47) പിന്നാലെ അർധസെഞ്ചുറി പൂർത്തിയാക്കി ഷഫാലിയും(55) മടങ്ങിയശേഷം വൺഡൗണായി എത്തിയ ജെമീമ റോഡ്രിഗസിന്റെ പോരാട്ടമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
Content Highlights: Asia Cup T20 India Women vs Bangladesh Women; India Wins Bangladesh