|

നായകന്‍ വീണ്ടും വരാര്‍... മുന്നില്‍ നിന്ന് നയിച്ച് രോഹിത്, സംപൂജ്യനായി കോഹ്‌ലി; നിര്‍ണായക മത്സരത്തില്‍ പൊരുതാവുന്ന സ്‌കോറില്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പൊരുതാവുന്ന സ്‌കോറില്‍ ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 173 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്. ടൂര്‍ണമെന്റില്‍ തന്റെ മികച്ച സ്‌കോര്‍ കണ്ടെത്തിയ രോഹിത് ശര്‍മയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ 173 എന്ന സ്‌കോറില്‍ എത്തിയത്.

ഇന്ത്യന്‍ സ്‌കോര്‍ 11ല്‍ നില്‍ക്കവെ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ നാഷ്ടമായ ഇന്ത്യക്ക് രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കവെ അടുത്ത പ്രഹരവും നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ വിരാട് കോഹ്‌ലിയെയായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. നാല് പന്ത് നേരിട്ട് ഒരു റണ്‍ പോലും നേടാന്‍ സാധിക്കാതെയാണ് വിരാട് പുറത്തായത്.

രാഹുലും വിരാടും പുറത്തായെങ്കിലും രോഹിത് അടി തുടര്‍ന്നു. നാലാമനായി എത്തിയ സൂര്യകുമാറിനെ കൂട്ടുപിടിച്ച് രോഹിത് സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ ടീം സ്‌കോര്‍ 110ലും വ്യക്തിഗത സ്‌കോര്‍ 72ലും നില്‍ക്കവെ രോഹിത് പുറത്തായി.

പാതും നിസങ്കയുടെ പന്തില്‍ ചമിക കരുണരത്‌നെക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 41 പന്ത് നേരിട്ട് അഞ്ച് ഫോറും നാല് സിക്‌സറും ഉള്‍പ്പടെയാണ് രോഹിത് വെടിക്കെട്ട് നടത്തിയത്.

രോഹിത്തിന് പുറമെ സൂര്യകുമാര്‍ യാദവും താരതമ്യേന മികച്ച പ്രകടനം പുറത്തെടുത്തു. 29 പന്തില്‍ നിന്നും 34 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും 13 പന്ത് വീതം നേരിട്ട് 17 റണ്‍സ് വീതം സ്വന്തമാക്കിയപ്പോള്‍, ദീപക് ഹൂഡ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

നാല് ഓവറില്‍ റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദില്‍ഷന്‍ മധുശങ്കയാണ് ലങ്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.

മധുശങ്കക്ക് പുറമെ ക്യാപ്റ്റന്‍ ദാസുന്‍ ഷണക രണ്ട് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ചമിക കരുണരത്‌നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മഹീഷ് തീക്ഷണയാണ് ശേഷിക്കുന്ന വിക്കറ്റ് പിഴുതത്.

Content Highlight: Asia Cup, Super Four, India vs Sri Lanka, India sets 174 runs target for Sri Lanka