| Tuesday, 12th September 2023, 2:07 pm

വിരാടിന്റെ കൊളംബോ അഥവാ ബംഗ്ലാദേശിന്റെ ശവക്കല്ലറ; 13ാം തോല്‍വി മുമ്പില്‍ കണ്ട് ഇറങ്ങുന്നത് ബീസ്റ്റ് മോഡിലുള്ള ഇന്ത്യക്കെതിരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ് വരുന്നത്. സെപ്റ്റംബര്‍ പത്തിനും പതിനൊന്നിനും പാകിസ്ഥാനെതിരെ കളിച്ച ഇന്ത്യ സെപ്റ്റംബര്‍ 12ന് ശ്രീലങ്കക്കെതിരെയും കളിക്കും.

ഇതുകഴിഞ്ഞ് സെപ്റ്റംബര്‍ 15നാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇതിനോടകം സൂപ്പര്‍ ഫോറിലെ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ബംഗ്ലാദേശിന് ഇനി മുമ്പോട്ടൊരു യാത്രയില്ല. അവസാന മത്സരത്തില്‍ വിജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും ബംഗ്ലാദേശ് ഇനി ശ്രമിക്കുക. എന്നാല്‍ ‘നാഗനൃത്തക്കാര്‍ക്ക്’ അതൊരിക്കലും എളുപ്പമായിരിക്കില്ല.

ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും ഒരുപോലെ ഗോഡ് മോഡിലേക്ക് മാറിയ ഇന്ത്യയെയാണ് ബംഗ്ലാദേശിന് ഇനി നേരിടാനുള്ളത്. ഏഷ്യാ കപ്പില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്നും ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ക്രിക്കറ്റ് ലോകമറിഞ്ഞതാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മുതല്‍ മുതല്‍ ഫിനിഷറുടെ റോളിലിറങ്ങുന്ന ഹര്‍ദിക് പാണ്ഡ്യയുടേതടക്കമുള്ള വെടിക്കെട്ടിന് ആരാധകര്‍ സാക്ഷിയായതാണ്.

ഇതിന് പുറമെ പരിക്കിന്റെ പിടിയില്‍ നിന്നും മടങ്ങിയെത്തിയ കെ.എല്‍. രാഹുലും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും വെടിക്കെട്ടിനാണ് തിരി കൊളുത്തിയിരിക്കുന്നത്. ഇത് ബംഗ്ലാദേശിന്റെ ഉറക്കം നഷ്ടപ്പെടുത്തുമെന്നുറപ്പാണ്.

ഇതിന് പുറമെ മത്സരം നടക്കുന്നത് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് എന്നുള്ളതും ബംഗ്ലാദേശിന് ഇരട്ടി സമ്മര്‍ദം നല്‍കുന്നുണ്ട്. കൊളംബോയില്‍ ബംഗ്ലാ കടുവകളുടേത് മികച്ച ട്രാക്ക് റെക്കോഡല്ല എന്നതുതന്നെയാണ് ഇതിന് കാരണം.

ബംഗ്ലാദേശ് കൊളംബോയില്‍ കളിച്ച അവസാന 12 മത്സരത്തില്‍ 12ലും തോല്‍വിയായിരുന്നു ഫലം. സെപ്റ്റംബര് ഒമ്പതിന് ശ്രീലങ്കക്കെതിരെയാണ് ബംഗ്ലാദേശ് അവസാനമായി കൊളംബോയില്‍ പരാജയപ്പെട്ടത്. 21 റണ്‍സിനായിരുന്നു മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍വിയറിഞ്ഞത്.

ഇതിനെല്ലാം പുറമെ കൊളംബോ വിരാട് കോഹ്‌ലിയുടെ ഭാഗ്യ ഗ്രൗണ്ടുകളില്‍ ഒന്നാണെന്ന വസ്തുതയും ബംഗ്ലാ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നുണ്ട്. കൊളംബോയില്‍ വിരാട് അവസാനം കളിച്ച നാല് മത്സരത്തില്‍ നാലിലും സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാകുന്നത്.

128* (119), 131 (96), 110* (116), 122* (94) എന്നിങ്ങനെയാണ് വിരാട് കൊളംബോയിലെ അവസാന നാല് മത്സരത്തില്‍ സ്‌കോര്‍ ചെയ്തത്. ഈ നാല് മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 145.26 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് വിരാടിനുള്ളത്. ശരാശരിയാകട്ടെ 491ഉം.

ഈ ഫോമിലുള്ള വിരാടിനെതിരെയും ഇന്ത്യക്കെതിരെയും തങ്ങള്‍ക്ക് നിര്‍ഭാഗ്യം മാത്രം സമ്മാനിച്ച ഗ്രൗണ്ടില്‍ ബംഗ്ലാദേശ് എങ്ങനെ കളിക്കുമെന്നറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Asia Cup Super 4;  India vs Bangladesh

We use cookies to give you the best possible experience. Learn more