| Sunday, 17th September 2023, 10:12 am

ഇതിന് മുമ്പ് നടന്നത് എട്ട് ഇന്ത്യ - ശ്രീലങ്ക ഫൈനലുകള്‍; ഇരുവരും എത്ര തവണ വീതം വിജയിച്ചു? ആരാണ് ഏഷ്യന്‍ ടൈറ്റന്‍സ്?

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന്റെ ഫൈനലിനാണ് കൊളംബോയിലെ ആര്‍. പ്രമേദാസ സ്റ്റേഡിയം സാക്ഷിയാകാനൊരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സക്‌സസ്ഫുള്ളായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഏഷ്യാ കപ്പ് 2023 ഫൈനലിനെ ഏറെ സ്‌പെഷ്യലാക്കുന്നത്.

ഇതുവരെ ഏഴ് തവണ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യയും ആറ് തവണ ജേതാക്കളായ ശ്രീലങ്കയുമാണ് മറ്റൊരു കലാശപ്പോരാട്ടത്തിനൊരുങ്ങുന്നത്. ഇന്ത്യയുടെ 11ാം ഏഷ്യാ കപ്പ് ഫൈനലും ശ്രീലങ്കയുടെ 13ാം ഫൈനലുമാണിത്. ഇതില്‍ ഇരുവരും എട്ട് തവണയാണ് ഏഷ്യാ കപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടിയത്.

ഏഷ്യാ കപ്പിന്റെ ഉദ്ഘാടന സീസണില്‍ ഇന്ത്യയും ശ്രീലങ്കയുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്കയെ പത്ത് വിക്കറ്റിന് തോല്‍പിച്ചായിരുന്നു ഇന്ത്യ ആദ്യ ഏഷ്യാ കപ്പ് കിരീടമുയര്‍ത്തിയത്.

തൊട്ടടുത്ത വര്‍ഷം പാകിസ്ഥാനെ തോല്‍പിച്ച് ലങ്ക തങ്ങളുടെ ആദ്യ കിരീടമുയര്‍ത്തി. പിന്നീടുള്ള മൂന്ന് സീസണിലും (1988, 1991, 1995) ഇന്ത്യ – ശ്രീലങ്ക ഫൈനല്‍ മത്സരങ്ങളായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. ഇതില്‍ മൂന്നിലും കപ്പുയര്‍ത്തിയത് ഇന്ത്യ തന്നെയായിരുന്നു.

എന്നാല്‍ 1997ല്‍ ശ്രീലങ്ക തിരിച്ചടിച്ചു. സ്വന്തം മണ്ണില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെ തോല്‍പിച്ച് രണ്ടാം കിരീടമുയര്‍ത്തി. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പിച്ചാണ് ശ്രീലങ്ക രണ്ടാം തവണയും ഏഷ്യയുടെ നെറുകയിലെത്തിയത്.

തൊട്ടടുത്ത ഏഷ്യാ കപ്പില്‍, അതായത് 2000ല്‍ ഇന്ത്യയോ ശ്രീലങ്കയോ അല്ലാത്ത ആദ്യ വിജയി പിറന്നു. ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ലങ്കയെ തോല്‍പിച്ച് പാകിസ്ഥാന്‍ ആദ്യ കിരീടം നേടി.

2004ല്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം തിരിച്ചുപിടിച്ച ശ്രീലങ്ക 2008ല്‍ വീണ്ടും ആ നേട്ടം ആവര്‍ത്തിച്ചു. എന്നാല്‍ 2010ല്‍ ലങ്കയെ തോല്‍പിച്ച ഇന്ത്യ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടു.

2012ല്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലിനും പ്രാധാന്യമേറെയായിരുന്നു. ഇന്ത്യയോ ശ്രീലങ്കയോ ഇല്ലാത്ത ആദ്യ ഫൈനല്‍ മത്സരമായിരുന്നു അത്. ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാ കടുവകളും പാകിസ്ഥാനുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഷാകിബിനെയും സംഘത്തെയും രണ്ട് റണ്‍സിന് കീഴടക്കിയ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തെയും അവസാനത്തെയും കിരീടം സ്വന്തമാക്കി.

ശേഷം നടന്ന നാല് ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും രണ്ട് തവണ വീതം ചാമ്പ്യന്‍മാരായി.

അതേസമയം, 2010ന് ശേഷം മറ്റൊരു ഇന്ത്യ-ശ്രീലങ്ക പോരാട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ ആരാകും തങ്ങളുടെ കിരീടനേട്ടം മെച്ചപ്പെടുത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാ കപ്പ് ചാമ്പ്യന്‍മാര്‍

ഇന്ത്യ

ചാമ്പ്യന്‍മാര്‍ – 7 തവണ (1984, 1988, 1991, 1995, 2010, 2016, 2018)

റണ്ണേഴ്‌സ് അപ് – 3 തവണ (1997, 2004, 2008)

ശ്രീലങ്ക

ചാമ്പ്യന്‍മാര്‍ – 6 തവണ (1986, 1997, 2004, 2008, 2014, 2022)

റണ്ണേഴ്‌സ് അപ് – 6 തവണ (1984, 1988, 1991, 1995, 2000, 2010)

പാകിസ്ഥാന്‍

ചാമ്പ്യന്‍മാര്‍ – 2 തവണ (2000, 2012)

റണ്ണേഴ്‌സ് അപ് – 3 തവണ (1986, 2014, 2022)

ബംഗ്ലാദേശ്

ചാമ്പ്യന്‍മാര്‍ –

റണ്ണേഴ്‌സ് അപ് – 3 തവണ (2012, 2016, 2018)

Content highlight: Asia Cup Revelry between India and Sri Lanka

We use cookies to give you the best possible experience. Learn more