| Thursday, 8th September 2022, 9:22 pm

ഏഷ്യാ കപ്പ് ഇന്ത്യക്ക് കണ്ണീരെങ്കിലും വിരാടിന് നല്‍കിയത് പുഞ്ചിരി; മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സെഞ്ച്വറി നേടി പഴയ വിരാടിന്റെ തിരിച്ചുവരവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് 2022 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നഷ്ടങ്ങള്‍ മാത്രമാണ് നല്‍കിയതെങ്കിലും മുന്‍ ഇന്ത്യന്‍ നായകനെ സംബന്ധിച്ച് ഈ ഏഷ്യാ കപ്പ് ഒരു അത്താണിയായിരുന്നു. ഫോം ഔട്ടില്‍ നിന്നും ഫോം ഔട്ടിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന വിരാടിന്റെ തിരിച്ചുവരവായിരുന്നു ഏഷ്യാ കപ്പില്‍ കണ്ടത്.

ആദ്യ മത്സരം മുതല്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ വിരാട് കാണിച്ചിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ പതിഞ്ഞ് തുടങ്ങി, ഹോങ്കോങ്ങിനെതിരെ ആഞ്ഞടിച്ച വിരാട് പാകിസ്ഥാനെതിരെ ഒരിക്കല്‍ക്കൂടി കത്തിക്കയറിയിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് താരം നിരാശനാക്കിയത്.

എന്നാല്‍ സൂപ്പര്‍ ഫോറിലെ അഫ്ഗാനെതിരായ മത്സരത്തില്‍ ഏറെ നാളായി കേട്ടുകൊണ്ടിരുന്ന അപമാന ഭാരമാണ് താരം ഇറക്കിവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ 71ാം സെഞ്ച്വറി കുറിച്ചാണ് വിരാട് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

2019ല്‍ ബംഗ്ലാദേശിനെതിരെ 70ാം സെഞ്ച്വറി കുറിച്ച വിരാടിന് അടുത്ത സെഞ്ച്വറിയിലേക്ക് നടന്നെത്താന്‍ ആയിരത്തിലധികം ദിവസമായിരുന്നു വേണ്ടി വന്നത്.

അഫ്ഗാനെതിരായ മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ കളിച്ച വിരാട് മുന്നില്‍ കിട്ടയ എല്ലാ ബൗളര്‍മാരെയും കണക്കറ്റ് പ്രഹരിച്ചിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയ അഫ്ഗാന്റെ ബൗളിങ് നിരയെ തച്ചുതകര്‍ത്തായിരുന്നു വിരാട് മുന്നേറിയത്.

53 പന്തിലായിരുന്നു വിരാട് നൂറടിച്ചത്. അവിടം കൊണ്ടും അവസാനിക്കാതെ താരം റണ്ണടിച്ചുകൂട്ടി മുന്നേറുകയായിരുന്നു. ഒടുവില്‍ 61 പന്തില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ 122 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 12 ഫോറും ആറ് സിക്‌സറുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇത്രയും നാള്‍ തന്നെ ഫോം ഔട്ടിന്റെ പേരില്‍ കളിയാക്കുകയും പുച്ഛിക്കുകയും ചെയ്ത വിമര്‍ശകരുടെ നെഞ്ചില്‍ ചവിട്ടിയായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അതേസമയം, സൂപ്പര്‍ ഫോറില്‍ ഇന്ത്യ പടുകൂറ്റന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

വിരാടിന് പുറമെ മത്സരത്തിലെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 41 പന്തില്‍ 61 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. സൂര്യകുമാര്‍ യാദവ് രണ്ട് പന്തില്‍ നിന്നും അറ് റണ്‍സ് നേടി പുറത്തായി. 16 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ റിഷബ് പന്താണ് മറ്റൊരു സ്‌കോറര്‍.

അഫ്ഗാന്‍ നിരയില്‍ പന്തെറിഞ്ഞവരില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ഒഴികെ എല്ലാവരും ഭേദപ്പെട്ട രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. നാലോവറില്‍ 29 റണ്‍സാണ് റഹ്‌മാന്‍ വിട്ടുനല്‍കിയത്. നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങിയ ഫരീദ് അഹമ്മദാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.

Content Highlight: Asia Cup, India vs Afghanistan, Virat scored a century, India with a huge score

We use cookies to give you the best possible experience. Learn more