ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിന് ജയം. അഞ്ചുവട്ടം ചാമ്പ്യന്മാരായ ശ്രീലങ്കയെ 137 റണ്‍സിന് തകര്‍ത്തു കൊണ്ടാണ് ബംഗ്ലാദേശ് ആദ്യ ജയം നേടിയത്. 262 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്ക 124 റണ്‍സിന് പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിക്കുര്‍ റഹീമിന്റെ സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
150 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്‌സറും പറത്തി കരിയറിലെ ആറാം ഏകദിന സെഞ്ചുറി കുറിച്ച മുഷ്ഫിഖര്‍ തന്നെയാണ് കളിയിലെ താരം.
Read Also : “ചാരക്കേസിനെക്കുറിച്ചുള്ള എന്റെ ഉത്തമബോധ്യമാണ് എഴുതിയത്”; “പത്ര”ത്തിലെ ആ ഡയലോഗുകളെക്കുറിച്ച് രഞ്ജി പണിക്കര്‍
കണ്ണടച്ച് തുറക്കും വേഗത്തില്‍ ആദ്യ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മുഷ്ഫിഖറും മുഹമ്മദ് മിഥുനും ചേര്‍ന്നെടുത്ത 131 റണ്‍സാണ് ശക്തമായ നിലയിലെത്തിച്ചത്. വെറ്ററന്‍താരം ലസിത് മലിംഗയുടെ നാലു വിക്കറ്റ് പ്രകടനം ബംഗ്ലാബാറ്റ്‌സ്മാന്മാരെ പ്രതിരോധത്തിലാഴ്ത്തിയെങ്കിലും വിക്കറ്റ് കാത്തുസൂക്ഷിച്ച മുഷ്ഫിഖര്‍ മറ്റ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു. മുന്‍നിര താരങ്ങള്‍ക്കാര്‍ക്കും നിലയുറപ്പിക്കാനാവാത്ത മത്സരത്തില്‍ നാല് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് മടങ്ങിയത്.
ബംഗ്ലാദേശിനുവേണ്ടി ക്യാപ്റ്റന്‍ മഷ്‌റാഫി മൊര്‍താസ, മുസ്താഫീസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ മിറാജ് എന്നിവര്‍ രണ്ടു വിക്കറ്റുവീതമെടുത്തപ്പോള്‍ ഷക്കീബ് അല്‍ ഹസന്‍, റൂബല്‍ ഹുസൈന്‍, മൊസാദക് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.