| Friday, 1st September 2023, 8:45 am

ടൈഗര്‍ കാ ഹുക്കും എന്ന് പറയാന്‍ അവര്‍ സമ്മതിച്ചില്ല, വീട്ടില്‍ വിളിച്ചുവരുത്തി പഞ്ഞിക്കിട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ വിജയത്തോടെ തുടങ്ങി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍. കാന്‍ഡിയിലെ പല്ലേക്കലേ സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തന്‍സിദ് ഹസനെ നഷ്ടമായി. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി സില്‍വര്‍ ഡക്കായിട്ടാണ് ഹസന്‍ പുറത്തായത്.

ടീം സ്‌കോര്‍ 25ല്‍ നില്‍ക്കവെ 23 പന്തില്‍ 16 റണ്‍സ് നേടിയ മുഹമ്മദ് നയീമും 36ല്‍ നില്‍ക്കവെ 11 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും പുറത്തായി.

എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ടീമിനെ താങ്ങി നിര്‍ത്തി. 122 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 89 റണ്‍സാണ് താരം നേടിയത്. 41 പന്തില്‍ 20 റണ്‍സ് നേടിയ തൗഹിദ് ഹിരൗദിയാണ് ബംഗ്ലാദേശിന്റെ രണ്ടാമത് ടോപ് സ്‌കോറര്‍.

ഒടുവില്‍ 42.4 ഓവറില്‍ 164 റണ്‍സിന് ബംഗ്ലാ കടുവകള്‍ ഓള്‍ ഔട്ടായി. ശ്രീലങ്കക്കായി മതിശ പതിരാന നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ രണ്ട് വിക്കറ്റും സ്വന്തമാക്കി. ധനഞ്ജയ ഡി സില്‍വ, ദുനിത് വെല്ലാലാഗെ, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്ദി ഹസന്‍ റണ്‍ ഔട്ടാവുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍ ദിമുത് കരുണരത്‌നെയെ ഒരു റണ്‍സിന് നഷ്ടമായെങ്കിലും പിന്നാലെയെത്തിയവര്‍ ആഞ്ഞടിച്ചതോടെ അനായാസ വിജയം സ്വന്തമായി.

സധീര സമരവിക്രമയുടെയും ചരിത് അസലങ്കയുടെയും അര്‍ധ സെഞ്ച്വറിയാണ് ലങ്കക്ക് തുണയായത്. അസലങ്ക 92 പന്തില്‍ പുറത്താകാതെ 62 റണ്‍സടിച്ചപ്പോള്‍ 77 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു സമരവിക്രമയുടെ സമ്പാദ്യം.

ഒടുവില്‍ 39 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക വിജയലക്ഷ്യം മറികടന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ലങ്കയുടെ അടുത്ത മത്സരം. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി. ഈ മത്സരവും വിജയിച്ച് സൂപ്പര്‍ ഫോറിലേക്ക് കടക്കാനാകും ലങ്ക ഒരുങ്ങുന്നത്.

അതേസമയം, സെപ്റ്റംബര്‍ മൂന്നിനാണ് അഫ്ഗാനിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരം. ജൂലൈയിലെ നടന്ന ബംഗ്ലാദേശ് പര്യടനത്തിലെ പ്രകടനം അഫ്ഗാനിസ്ഥാന്‍ ആവര്‍ത്തിച്ചാല്‍ ബംഗ്ലാദേശിന് തലകുനിച്ച് മടങ്ങേണ്ടി വരുമെന്നുറപ്പാണ്.

Content Highlight: Asia Cup 2023: Sri Lanka defeats Bangladesh

We use cookies to give you the best possible experience. Learn more