ഈ വര്‍ഷം യു.എ.ഇയില്‍ വച്ച് നടക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് ഷെഡ്യൂളായി. ആഗസ്റ്റ് 27 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 11 ന് അവസാനിക്കും.
ആഗസ്റ്റ് 28 ന് ദുബായില്‍ വെച്ച് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ടൂര്‍ണമെന്റിലെ ആരാധകര്‍ ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്നാണിത്.
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുക.
ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ശ്രീലങ്കയില്‍ വെച്ചാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും, അവിടെ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.
ഏഷ്യാ കപ്പിന് വേദിയാവാനുള്ള സാഹചര്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ആഴ്ചയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചത്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറിയത്.
ദുബായില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ നേരിടും.
ആറ് ടീമുകളാണ് ഏഷ്യ കപ്പില്‍ പങ്കെടുക്കുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബെംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകാളാണ് നിലവില്‍ ക്വാളിഫൈ ചെയ്ത ടീമുകള്‍. ആറാം ടീമാകാന്‍ ഹോങ് കോങ്, സിംഗപ്പൂര്‍, കുവൈറ്റും, യു.എ.ഇയും തമ്മില്‍ യോഗ്യത റൗണ്ടില്‍ മത്സരിക്കും.
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ഏഷ്യാകപ്പ് നടത്തുന്നത്.
ഏഷ്യാകപ്പില്‍ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ദുബായില്‍ 2018ല്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്.
Content Highlight: Asia Cup 2022 tournament schedule confirmed; India-Pakistan match on august 28