ഏഷ്യാ കപ്പ് 2022; പാകിസ്ഥാനെ കീഴ്‌പ്പെടുത്തിയതോടൊപ്പം ശ്രീലങ്ക തകര്‍ത്തത് മൂന്ന് അഡാര്‍ റെക്കോര്‍ഡുകള്‍
Cricket
ഏഷ്യാ കപ്പ് 2022; പാകിസ്ഥാനെ കീഴ്‌പ്പെടുത്തിയതോടൊപ്പം ശ്രീലങ്ക തകര്‍ത്തത് മൂന്ന് അഡാര്‍ റെക്കോര്‍ഡുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th September 2022, 3:39 pm

ഏഷ്യാ കപ്പ് ‘ഫൈനലിന് മുമ്പ് നടന്ന ഫൈനലില്‍’ പാകിസ്ഥാനെ കീഴ്പ്പെടുത്തിയതോടൊപ്പം ശ്രീലങ്ക തകര്‍ത്തത് മൂന്ന് റെക്കോര്‍ഡുകള്‍ കൂടിയാണ്. കഴിഞ്ഞ ദിവസം നടന്ന റിഹേഴ്‌സല്‍ മാച്ചില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ശ്രീലങ്ക തകര്‍ത്തത്.

ഏഷ്യാ കപ്പ് ചരിത്രത്തില്‍ കൂടുതല്‍ തവണ വിജയം നേടി എന്ന റെക്കോര്‍ഡാണ് ആദ്യത്തേത്. 39ാം തവണയാണ് ശ്രീലങ്ക വിജയം കൊയ്യുന്നത്.

ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ശ്രീലങ്കന്‍ ഓപ്പണര്‍ പാത്തും നിസ്സാങ്ക പേരുടുത്തു എന്നുള്ളതാണ് രണ്ടാമത്തേത്. 48 പന്തില്‍ നിന്ന് 55 റണ്‍സ് ആണ് താരം ബാറ്റിങ് ഇന്നിങ്സിലൂടെ പുറത്തെടുത്തത്.

ഏഷ്യ കപ്പില്‍ 1.2 ശരാശരിയില്‍ 165 റണ്‍സ് നേടിയ നിസാങ്ക 2022 ടി20യില്‍ 16 മത്സരങ്ങളില്‍ നിന്ന് 491 റണ്‍സ് നേടിയിട്ടുണ്ട്. ടി20 യില്‍ 400 ലധികം റണ്‍സ് നേടുന്ന ശ്രീലങ്കയുടെ ആദ്യ കളിക്കാരനാണ് നിസ്സാങ്ക.

ടി20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ രണ്ടാമത്തെ ബൗളറായി വനിന്ദ ഹസരംഗയും റെക്കോര്‍ഡിട്ടു. ഈ മത്സരത്തിന് മുമ്പ് 65 ടി20 വിക്കറ്റുകള്‍ നേടിയ ഹസരങ്ക, അജന്ത മെന്‍ഡിസിനെ മറികടന്ന് 68 വിക്കറ്റുമായി ടി20യില്‍ ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി.

വെറും 41 ഇന്നിങ്സുകളില്‍ നിന്നാണ് ഹസരംഗ ഈ നാഴികക്കല്ല് നേടിയത്, കൂടാതെ 15 എന്ന ശ്രദ്ധേയമായ ബൗളിങ് ശരാശരിയുമുണ്ട്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. തുടക്കത്തില്‍ പതറിയെങ്കിലും നിസ്സങ്ക ശ്രീലങ്കയെ വിജയത്തിളക്കത്തിലെത്തിച്ചു.

നിസ്സങ്കക്ക് പുറമെ ഭാനുക രജപക്സെ, ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക, വാനിന്ദു ഹസരംഗ എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായിരുന്നു. നാലാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത നിസ്സങ്ക-രാജപക്സെ സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് 39 പന്തില്‍ 51 റണ്‍സ് നേടി.

29 പന്തില്‍ രണ്ട് ഫോറുകളോടെ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക് ടീമിന്റെ ടോപ് സ്‌കോറര്‍. ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ് എന്നിവരാണ് കൂട്ടത്തില്‍ പ്രകടനം കാഴ്ച വെച്ചെന്ന് പറയാവുന്ന മറ്റു താരങ്ങള്‍. മുഹമ്മദ് നവാസും മുഹമ്മദ് റിസ്വാനും 26 ഉം 14 ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

സമ്മര്‍ദ്ദങ്ങളില്ലാതെയാണ് ഇരുടീമുകളും റിഹേഴ്സലില്‍ കളിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇരു ടീമുകളും ഒരിക്കല്‍ കൂടി നേരിടും.