ദുബായ്: ഏഷ്യാകപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് അരങ്ങുണരും. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഹോങ്കോങിനേയും പാക്കിസ്ഥാനെയും തോല്‍പിച്ച് ഇന്ത്യയെത്തുമ്പോള്‍ അഫ്ഗാനിസ്ഥാനെതിരെയേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷമാണ് ബംഗ്ലാഗേശ് എത്തുന്നത്.
പരുക്കാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇന്ത്യന്‍ നിരയില്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പണ്ഡ്യയും പേസര്‍ ശര്‍ദുല്‍ ഠാക്കുറും സ്പിന്നര്‍ അക്സര്‍ പട്ടേലും കളിക്കില്ല. പകരം ദീപക് ചാഹറും രവീന്ദ്ര ജഡേജയും സിദ്ദാര്‍ഥ് കൗലും ടീമിനൊപ്പം ചേരും. ഹോങ്കോങിനെതിരെ നിറം മങ്ങിയ ഇന്ത്യന്‍ നിര പാക്കിസ്ഥാനെതിരെ ഫോമിലേക്ക് തിരിച്ചെത്തിയത് ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നു. ബാറ്റിങില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയും നേതൃത്വം നല്‍കുമ്പോള്‍ ബൗളിങില്‍ ബുംറയും ഭുവനേഷ്വര്‍ കുമാറുമാണ് ഇന്ത്യന്‍ കുന്തമുന.
ശ്രീലങ്കയേയും ബംഗ്ലാദേശിനേയും തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെതിരെ കളിക്കാനിറങ്ങുന്നത്. മുജീബും നബിയും റാഷിദ് ഖാനുമടങ്ങുന്ന ബോളിങ് നിരയാണ് അഫ്ഗാന്റെ കരുത്ത്. രണ്ടു മല്‍സരങ്ങളിലേയും അഫ്ഗാന്റെ ജയത്തില്‍
നിര്‍ണായകമായത് റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിക്കുന്ന ബോളിങ് നിരയാണ്.
മികച്ചനിരയുണ്ടായിട്ടും ഇന്ത്യക്കെതിരെ അതിസമ്മര്‍ദം താങ്ങാനാവാതെ തോറ്റാണ് പാക്കിസ്ഥാന്റെ വരവ്. റാഷിദ് ഖാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ ബോള്‍ നിരയെ നേരിടാന്‍ ബാബറും ഷോയബ് മാലികും വിയര്‍ക്കുമെന്നുറപ്പ്. എന്നാല്‍ പരിചയസമ്പത്തുള്ള പാക് നിരയെ നേരിടാന്‍ അഫ്ഗാന്‍ എന്തു തന്ത്രം ഉപയോഗിക്കുമെന്ന് കാത്തിരുന്ന് കാണാം.അയല്‍ക്കാരുടെ മല്‍സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം