ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ്; ഏഷ്യാകപ്പില്‍ നിന്ന് തലയുയര്‍ത്തിമടക്കം
Asia Cup
ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ്; ഏഷ്യാകപ്പില്‍ നിന്ന് തലയുയര്‍ത്തിമടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th September 2018, 8:18 am

ദുബായ്: ഐ.സി.സി ഏകദിന റാങ്കിങില്‍ ആദ്യ പതിനാലില്‍ പോലുമില്ലാത്ത ഹോങ്കോങ് ഇന്ത്യയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അര്‍ധ സെഞ്ചുറി തികച്ച് 174 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ റഥും നിസാഖത്ത് ഖാനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ വിക്കറ്റ് കളഞ്ഞതാണ് ഹോങ്കോങിന് വിനയായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുക്കുകയായിരുന്നു. 15 ഫോറും രണ്ട് സിക്സറുകളുടേയും പിന്‍ബലത്തില്‍ 127 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ചുറി തികച്ച അമ്പാട്ടി റായിഡുവിന്റെ ഇന്നിങ്സും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായി.


Read Also : മെസിക്ക് ഹാട്രിക്ക്; പി.എസ്.വി. ഐന്തോവനെ കെട്ടുകെട്ടിച്ച് ബാര്‍സലോന -വീഡിയോ


 

എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ ധോനി റണ്‍സൊന്നുമെടുക്കാതെ പുറത്തായി മറുപടി ബാറ്റിങിനിറങ്ങിയ ഹോങ്കോങിന് ഓപ്പണര്‍മാരായ നിസാഖത് ഖാനും അന്‍ഷുമാന്‍ റഥും മികച്ച തുടക്കമാണ് നല്‍കിയത്. 174 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി വിജയത്തിലേക്ക് കുതിച്ച ഹോങ്കോങിന്റെ ക്യാപറ്റന്‍ റഥിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 92 റണ്‍സെടുത്ത നിസാഖതും പുറത്തായതോടെ ഹോങ്കോങിന്റെ നില പരുങ്ങലിലായി. തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ ജയം കയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.

അരങ്ങേറ്റ മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമദിന്റെ പ്രകടനമാണ് ഹോങ്കോങിന് തിരിച്ചടിയായത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ആദ്യ മല്‍സരത്തില്‍ ഹോങ്കോങിനെ പരാജയപ്പെടുത്തിയാണ് ഇരുടീമും നേര്‍്ക്കുനേര്‍ വരുന്നത്.