കൃഷ്ണദാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; എഫ്.ഐ.ആറില്‍ വീഴ്ച വരുത്തിയ എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
Daily News
കൃഷ്ണദാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; എഫ്.ഐ.ആറില്‍ വീഴ്ച വരുത്തിയ എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2017, 5:21 pm

 

പാലക്കാട്: ലക്കിടി കോളേജില്‍ നെഹ്‌റു ഗ്രൂപ്പ ചെയര്‍മാന്‍ പി കൃഷ്ണദാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ എഫ്.ഐ.ആറില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പഴയന്നൂര്‍ അഡീഷണല്‍ എസ്.ഐ ജ്ഞാനശേഖരനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതത്. കൃഷ്ണദാസിനെ ജാമ്യം അനുവദിച്ച കൊണ്ടുള്ള വിധിയില്‍ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഉദ്യാഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.


Also read സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട; യു.പിയില്‍ പുതിയ നിയന്ത്രണവുമായി സര്‍ക്കാര്‍


എഫ്.ഐ.ആറിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജാമ്യം ലഭിക്കാത്ത തരത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്തതെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ജ്ഞാനശേഖരന്‍ തയ്യാറാക്കിയ എഫ്.ഐ.ആര്‍ കൃഷ്ണദാസിന് ജാമ്യം ലഭിക്കത്തക്ക വിധത്തിലുള്ളതായിരുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എ.എസ്.ഐക്കെതിരായ നടപടി.

കോടതി പരാമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട വകുപ്പ് തല അന്വേഷണത്തിന് ചാലക്കുടി ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിനെ നിയമിച്ചിതായി തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിര രൂക്ഷ വിമര്‍ശനമായിരുന്നു കോടതി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്.

അറസ്റ്റ് വാറന്റില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പൊലീസ് ചുമത്തുകയായിരുന്നെന്ന് നിരീക്ഷിച്ച കോടതി ചില വ്യക്തികളെ പ്രതിചേര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. അറസ്റ്റിനുശേഷമാണ് ജാമ്യം ലഭിക്കാതിരിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്തതെന്നു പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.