| Wednesday, 18th January 2023, 8:53 pm

പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തട്ടിപ്പ് കേസ് പതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്തതിന് എ.എസ്.ഐക്കെ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടര്‍ന്ന് സാന്റോ അന്തിക്കാടാണ് നടപടി നേരിടേണ്ടിവന്നത്.

റാണയെ നായകനാക്കി ‘ചോരന്‍’ എന്ന സിനിമയാണ് സാന്റോ സംവിധാനം ചെയ്തത്. പൊലീസ് വകുപ്പില്‍ നിന്ന് അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവീണ്‍ റാണയെ നായകനാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനുമാണ് നടപടി. ഡിസംബര്‍ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ എ.എസ്.ഐ പങ്കെടുത്തിരുന്നു.

പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സിറ്റി പൊലീസിന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് പ്രവീണ്‍ റാണയെ നായകനാക്കി സാന്റോ സിനിമ സംവിധാനം ചെയ്തത്.

നേരത്തെ തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്ത് പി.ആര്‍.ഒയായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റയിരുന്നു.

സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ പ്രവീണ്‍ റാണ കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു.

പ്രവീണ്‍ ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

11 കേസുകള്‍ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.

Content Highlight: ASI suspended for directing film with Praveen Rana in fraud case

We use cookies to give you the best possible experience. Learn more