| Tuesday, 12th November 2019, 9:01 am

ദല്‍ഹിയിലെ പുരാന കില മഹാഭാരതത്തിലെ ഹസ്തിനപുരം? വീണ്ടും ഖനനത്തിനൊരുങ്ങി പുരാവസ്തു വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന കിലയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാമതും ഖനനം നടത്താനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). പുരാന കിലയും മഹാഭാരതവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചിലത് മുന്‍പു നടത്തിയ ഖനനത്തില്‍ കണ്ടെത്തിയിരുന്നെന്നും അതിനു തുടര്‍ച്ചയാണ് ഇനി നടത്താന്‍ പോകുന്നതെന്നും ഒരു എ.എസ്.ഐ ഉദ്യോഗസ്ഥന്‍ ‘ദ പ്രിന്റി’നോടു പറഞ്ഞു.

എന്നാല്‍ രണ്ടാം ഖനനം അസ്വാഭാവികമാണെന്നായിരുന്നു എ.എസ്.ഐയ്ക്കുള്ളില്‍ത്തന്നെയുള്ള ചിലര്‍ അഭിപ്രായപ്പെട്ടതെന്ന് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. മഹാഭാരതത്തില്‍ പറയുന്ന പാണ്ഡവരുടെയും കൗരവരുടെയും തലസ്ഥാനമായ ഇന്ദ്രപ്രസ്ഥവുമായി പുരാന കിലയ്ക്കു ബന്ധമുണ്ടെന്നാണ് എ.എസ്.ഐ കരുതുന്നത്.

എന്നാല്‍ കഴിഞ്ഞവര്‍ഷം ആദ്യം അവസാനിച്ച ഖനനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എ.എസ്.ഐയ്ക്കായില്ല. പുരാവസ്തു ഗവേഷകനായ വസന്ത് സ്വര്‍ണാകറായിരുന്നു ഈ ഖനനത്തിന്റെ തലവന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത ഖനനം എ.എസ്.ഐയിലെ സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് ബി.ആര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ്. അദ്ദേഹമാവട്ടെ, രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിരമിക്കുകയും ചെയ്യും. ഖനനം ഒന്നരമാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് എ.എസ്.ഐ പറയുന്നത്. ഇതാണു പുതിയ ഖനനത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.

ഖനനം പൂര്‍ത്തിയാകും മുന്‍പ് അതിന്റെ തലവന്‍ വിരമിച്ചാല്‍, വീണ്ടും പുതിയ ഖനനം നടത്തേണ്ടിവരും. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് ഒരു ഖനനത്തിനു വേണ്ടിവരിക.

അപ്പോള്‍ സ്വാഭാവികമായും ഇപ്പോള്‍ നടത്താന്‍ പോകുന്ന ഖനനത്തില്‍ കാര്യമുണ്ടാകില്ലെന്ന അഭിപ്രായമാണ് എ.എസ്.ഐയിലെ മുതിര്‍ന്ന പുരാവസ്തു ഗവേഷകര്‍ക്കുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിങ്ങിനൊപ്പം എ.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി, എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് എക്‌സ്‌കവേഷന്‍ ഡയറക്ടര്‍ വി.എന്‍ പ്രഭാകറും ഖനനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.

2013-14 കാലഘട്ടത്തിലും, 2017-18 കാലത്തും നടത്തിയ ഖനനങ്ങളുടെ റിപ്പോര്‍ട്ട് എ.എസ്.ഐയ്ക്ക് ഈ സെപ്റ്റംബറില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് എ.എസ്.ഐ സംഘവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലെ ചിലരും ചേര്‍ന്ന സമിതി ഖനനം തുടരാന്‍ ഒക്ടോബര്‍ 25-നു തീരുമാനിച്ചത്.

800 ബി.സി.ഇയിലേതെന്നു കരുതപ്പെടുന്ന ചാരനിറപ്പാത്ര സംസ്‌കാരം കണ്ടെത്തുകയെന്നതാണ് ഈ ഖനനങ്ങളുടെയൊക്കെ പ്രാഥമിക ലക്ഷ്യം.

1969-1973 കാലഘട്ടത്തില്‍ ബി.ബി ലാലിന്റെ നേതൃത്വത്തിലാണ് പുരാന കിലയില്‍ ആദ്യ ഖനനം നടന്നത്. അന്നാണു നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ നടന്നത്. മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 1950-കളിലാണ് ആദ്യമായി പുരാന കിലയും ചാരനിറപ്പാത്ര സംസ്‌കാരവുമായുള്ള ബന്ധത്തിലേക്ക് എ.എസ്.ഐ എത്തുന്നത്.

1951-ല്‍ മീററ്റില്‍ സ്ഥിതി ചെയ്യുന്ന ഹസ്തിനപുരമാണ് ലാലിന്റെ നേതൃത്വത്തില്‍ ആദ്യമായി കണ്ടെത്തുന്നത്. 1000-500 ബി.സി.ഇ കാലഘട്ടമാണ് ഇതില്‍ കണക്കാക്കപ്പെടുന്നത്. പിന്നീടാണ് പുരാന കിലയിലേക്കെത്തുന്നത്. ഇവിടെനിന്ന് ചാരനിറപ്പാത്ര സംസ്‌കാരത്തിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ലഭിച്ചിരുന്നു.

എന്നാല്‍ മഹാഭാരതവുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ പാകത്തിലുള്ളവ ലഭിച്ചിട്ടില്ല. മൗര്യ കാലഘട്ടത്തിനു മുന്‍പ്, ഏകദേശം നാല്-അഞ്ച് നൂറ്റാണ്ട് കാലത്തുള്ള ബന്ധത്തെപ്പറ്റി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയതായി സ്വര്‍ണാകര്‍ പ്രിന്റിനോടു പറഞ്ഞു. അതേസമയം പുരാന കില ഇന്ദ്രപ്രസ്ഥത്തിന്റെ അതേ സ്ഥലത്തായിരിക്കാമെന്നാണ് എ.എസ്.ഐയുടെ വെബ്‌സൈറ്റ് പറയുന്നത്.

We use cookies to give you the best possible experience. Learn more