ന്യൂദല്‍ഹി: വഖഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട രാജ്യത്തെ 250 സംരക്ഷിത കേന്ദ്രങ്ങളുടെ നിയന്ത്രണം ആവശ്യപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കത്ത് നല്‍കാനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). വഖഫ് ഭേദഗതി ബില്‍ (2024) പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് എ.എസ്.ഐ കത്ത് നല്‍കുക.
ഒരു ആഭ്യന്തര സര്‍വെയിലാണ് പട്ടികയില്‍ ഉള്‍പ്പെട്ട 250 കേന്ദ്രങ്ങള്‍ വഖഫ് സ്വത്തായി കണ്ടെത്തിയിരിക്കുന്നത് എന്നാണ് എ.എസ്.ഐയുടെ വാദം. 2006ലെ സച്ചാര്‍ റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്മാരകങ്ങളെന്ന് പരാമര്‍ശിച്ചിട്ടുള്ള കേന്ദ്രങ്ങളും ഈ പട്ടികയിലുണ്ട്.
നേരത്തെ 172 കേന്ദ്രങ്ങളുടെ ഒരു ലിസ്റ്റ് എ.എസ്.ഐ തയ്യാറാക്കിയിരുന്നു. ഇത് വിപുലീകരിച്ചാണ് ഇപ്പോള്‍ 250 എണ്ണമായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദേശീയ പ്രധാന്യമുള്ള കേന്ദ്രങ്ങളല്ലെങ്കിലും ഇവയെല്ലാം തന്നെ സംരക്ഷിത കേന്ദ്രങ്ങളാണെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദല്‍ഹി ഫിറോസ് ഷാ കോട്‌ലയിലെ ജുമാമസ്ജിദ്, ആര്‍.കെ.പുരത്തെ ഛോട്ടി ഗുംതി മഖ്ബറ, ഹൗസ് ഖാസ് മസ്ജിദ് തുടങ്ങിയവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്തംബറില്‍ നടന്ന ജെ.പി.സി യോഗത്തില്‍ തന്നെ എ.എസ്.ഐ ഇക്കാര്യം അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിരുന്നെന്നും അങ്ങനെയാണ് ആദ്യം 172 കേന്ദ്രങ്ങളുണ്ടായിരുന്ന ലിസ്റ്റ് 250 കേന്ദ്രങ്ങളുള്ള പട്ടികയായി വിപുലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേന്ദ്രങ്ങളൊക്കെയും വഖഫ് ബോര്‍ഡുകള്‍ ഏകപക്ഷീയമായാണ് കൈവശം വെച്ചിരിക്കുന്നത് എന്നും എ.എസ്.ഐ ആരോപിക്കുന്നുണ്ട്.
സെപ്തംബറിലെ ജെ.പി.സി. യോഗത്തില്‍ സംരക്ഷിത കേന്ദ്രങ്ങളിലെയും സ്ഥലങ്ങളിലെയും വഖഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് എ.എസ്.ഐ അവതരണം നടത്തിയിരുന്നെന്നും ഈ കേന്ദ്രങ്ങളുടെ സംരക്ഷണം സംബന്ധിച്ച് എ.എസ്.ഐ പ്രതിസന്ധി നേരിടുന്നതായും പരാതിപ്പെട്ടിരുന്നു. ഇത്തരം കേന്ദ്രങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കുറിച്ചും യോഗത്തില്‍ എ.എസ്.ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
content highlights: ASI is about to demand control of 250 protected centers owned by Waqf; Letter will be given to J.P.C