സംഭാൽ: സംഭാലിലെ ഷാഹി ജുമാ മസ്ജിദ് സംരക്ഷിത പൈതൃക ഘടനയായതിനാൽ അതിൻ്റെ നിയന്ത്രണവും നടത്തിപ്പും ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയിൽ റെസ്പോൺസ് സമർപ്പിച്ചു. വാദി കോടതിയിൽ സമർപ്പിച്ച ഒരു പരാതിക്ക് പ്രതിഭാഗം നൽകുന്ന ആദ്യത്തെ ഔപചാരിക പ്രതികരണമാണ് റെസ്പോൺസ്.
എ.എസ്.ഐയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ശർമ നവംബർ 30 ന് കോടതിയിൽ എതിർവാദം സമർപ്പിച്ചു. സൈറ്റിൻ്റെ സർവേ നടത്തുന്നതിൽ പള്ളിയുടെ മാനേജ്‌മെൻ്റ് കമ്മിറ്റിയിൽ നിന്നും നാട്ടുകാരിൽ നിന്നും എതിർപ്പ് നേരിട്ടതായി അദ്ദേഹം വ്യക്തമാക്കി.
അനുമതിയില്ലാതെ പള്ളിയുടെ പടികളിൽ സ്റ്റീൽ റെയിലിംഗുകൾ സ്ഥാപിച്ചതിന് മസ്ജിദ് മാനേജ്‌മെൻ്റ് കമ്മിറ്റിക്കെതിരെ 2018 ൽ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1920ൽ എ.എസ്.ഐ സംരക്ഷിത സ്മാരകമായി വിജ്ഞാപനം ചെയ്യപ്പെട്ട പള്ളി, ഏജൻസിയുടെ പരിധിയിലാണ് വരുന്നതെന്നും അതിനാൽ, ഏതെങ്കിലും ഘടനാപരമായ പരിഷ്‌കാരങ്ങൾ ഉൾപ്പെടെ സ്മാരകത്തിൻ്റെ നിയന്ത്രണവും നടത്തിപ്പും എ.എസ്.ഐയുടെ കീഴിലായിരിക്കണമെന്നും ശർമ വാദിച്ചു.
മാനേജ്‌മെൻ്റ് കമ്മിറ്റി പള്ളിയുടെ ഘടനയിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇത് ആശങ്ക ഉയർത്തി എന്നും ശർമ ആരോപിച്ചു. വരും ദിവസങ്ങളിൽ കോടതി ഇക്കാര്യം പരിഗണിക്കുമെന്നാണ് കരുതുന്നത്.
നവംബർ 24 ന് സാംഭാലിൽ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെടുകയും അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
Content Highlight: Sambhal: ASI files response in court, seeks control, management of mosque