ന്യൂദല്‍ഹി: പാരിസ് ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നതിനായി തനിക്ക് ഒന്നരക്കോടി രൂപ ലഭിച്ചെന്ന വാദം തള്ളി ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ രംഗത്ത്. തനിക്ക് തയ്യാറെടുപ്പിനായി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായമോ പരിശീലനമോ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ താരം ഇത് സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ ഞെട്ടലുണ്ടായെന്നും പ്രതികരിച്ചു.
വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സ് താരമായ അശ്വിനി പൊന്നപ്പ പാരിസ് ഒളിമ്പിക്‌സില്‍ തനിഷ സിങുമായി ചേര്‍ന്നാണ് മത്സരത്തിനിറങ്ങിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.
‘എങ്ങനെയാണ് സത്യത്തിന്റെ ഒരംശം പോലുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ എഴുതുന്നത്? ഒരോരുത്തര്‍ക്കും ഒന്നരക്കോടി കിട്ടിയെന്നോ? ആരാണ് തന്നത്? എന്തിനാണ് തന്നത്? എനിക്ക് ഇതുവരെ ഈ പണം കിട്ടിയിട്ടില്ല. ഞാന്‍ ഫണ്ടിങ്ങിനായുള്ള ടോപ്‌സി(TOPS)ന്റെയോ മറ്റ് സംഘടനകളുടേയോ ഭാഗമായിരുന്നില്ല,’ പൊന്നപ്പ എക്‌സില്‍ കുറിച്ചു.
ഇതിന് പുറമെ പരിശീലകരെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കിട്ടിയില്ലെന്നും അതിനാല്‍ സ്വന്തം ചെലവില്‍ പരിശീലകരെ നിയമിച്ചാണ് പരിശീലനം നടത്തിയതെന്നും താരം പി.ടി.ഐയോട് പ്രതികരിച്ചു.
എന്നാല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഡോക്യുമെന്റില്‍ അശ്വിനി പൊന്നപ്പയ്ക്ക് വാര്‍ഷിക കലണ്ടര്‍ പ്രകാരം ടോപ്‌സ് ഫണ്ടായി 4,50,000 രൂപയും പരിശീലനത്തിനും മത്സരത്തിനുമായി 1,48,04,080 രൂപയും അനുവദിച്ചതായി പറഞ്ഞിരുന്നു.
പരിശീനലത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഡബിള്‍സ് താരങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കൂടിയാണ് ഈ തുക അനുവദിച്ചതെന്നാണ് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ കുറിപ്പില്‍ പറഞ്ഞത്.
ഒളിമ്പിക്‌സിനിടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസ താരം പ്രകാശ് പദുക്കോണുമായുള്ള അശ്വിനി പൊന്നപ്പയുടെ വാഗ്വാദം ഏറെ ചര്‍ച്ചയായിരുന്നു. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ ചൈനയുടെ ലീ സി ജിയയോട് തോറ്റ് പുറത്തായപ്പോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും പരിശീലകരും സര്‍ക്കാരും അവരില്‍ പുലര്‍ത്തുന്ന വിശ്വാസത്തിന് പ്രതിഫലം നല്‍കണമെന്നും പദുക്കോണ്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ പൊന്നപ്പ ശക്തമായി പ്രതികരിച്ചു. കളിക്കാരന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവര്‍ എന്തുകൊണ്ട് തോല്‍വിയുട ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും തോല്‍വി പരിശീലകരുടേയും കൂടി ഉത്തരവാദിത്തമാണെന്നും പദുക്കോണിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി താരം പറഞ്ഞു.
Content Highlight: Ashwini Ponnappa reject the claims of sports authority of India