| Thursday, 30th May 2024, 4:52 pm

ആ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കാന്‍ ഒരു ലോറിക്കാരും ആദ്യം സമ്മതിച്ചിരുന്നില്ല, എല്ലാവര്‍ക്കും പേടിയായിരുന്നു: അശ്വിനി കാളെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടിയ ചിത്രമാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദായിരുന്നു നായകന്‍. ഒ.ടി.ടി റിലീസിന് പിന്നാലെ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായി. ഫഹദിനോടൊപ്പം ചിത്രത്തിലെ ആര്‍ട്ട് ഡയറക്ഷനും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. സിനിമയില്‍ കാണുന്ന മിക്ക ലൊക്കേഷനുകളും സെറ്റിട്ടാതായിരുന്നുവെന്ന് സംവിധായകന്‍ ജിത്തു മാധവന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഗതിയായിരുന്നു ബര്‍ത്ത് ഡേ സോങിലെ സ്വിമ്മിങ് പൂള്‍. ഒരു ലോറിക്കുള്ളില്‍ സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തുവെച്ചത് പല റിവ്യൂവേഴ്‌സും എടുത്ത് പറഞ്ഞിരുന്നു. ആ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കിയെടുത്തത് വളരെ കഷ്ടപ്പെട്ടാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനറായ അശ്വിനി കാളെ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു ലോറിക്കാരും ആദ്യം അതിന് സമ്മതിച്ചിരുന്നില്ലെന്നും ലോറിക്ക് ഒരു കേടും ഉണ്ടാകില്ലെന്ന് കാണിച്ചു കൊടുത്ത ശേഷമാണ് അവര്‍ സമ്മതിച്ചതെന്നും അശ്വിനി പറഞ്ഞു.

‘ആ സ്വിമ്മിങ് പൂള്‍ കാണുന്നത് പോലെ എളുപ്പമായിരുന്നില്ല ഉണ്ടാക്കാന്‍. ഒരുപാട് ലോറിക്കാരോട് ഞങ്ങള്‍ ആദ്യം ചോദിച്ചു. പക്ഷേ, വെള്ളം താഴേക്ക് ഇറങ്ങി വണ്ടി കേടാകുമോ എന്ന പേടി അവര്‍ക്ക് ഉണ്ടായിരുന്നു. അവര്‍ വിചാരിച്ചത് വെറുമൊരു ടാര്‍പ്പായ വിരിച്ചിട്ട് അതില്‍ വെള്ളം നിറക്കും എന്നായിരുന്നു. പക്ഷേ അങ്ങനെ ചെയ്താല്‍ വെള്ളം നില്‍ക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

അതിന് വേണ്ടി ഫൈബര്‍ കൊണ്ടുള്ള ഒരു മിക്‌സ് ഉണ്ടാക്കി ലോറിയുടെ ബാക്കില്‍ മൊത്തം തേച്ചിട്ട് അതിന്റെ മീതെ നീല പെയിന്റ് അടിച്ചിട്ടാണ് വെള്ളം നിറക്കാന്‍ തീരുമാനിച്ചത്. ഒരു ലോറിയില്‍ ഞങ്ങള്‍ അങ്ങനെ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിന്റെ ഓണര്‍ വന്നിട്ട് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ആ മിക്‌സ് ഇളക്കി മാറ്റേണ്ടി വന്നു. അങ്ങനെയൊക്കെ കഷ്ടപ്പെട്ടിട്ടാണ് ആ സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തത്,’ അശ്വിനി പറഞ്ഞു.

Content Highlight: Ashwini Kale about the making of swimming pool in Aavesham

We use cookies to give you the best possible experience. Learn more