ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. നിലവില്‍ റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മഴകാരണം വൈകിയിരിക്കുകയാണ്. ഏറെകാലമായി പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിലും മറ്റ് രണ്ട് ഫോര്‍മാറ്റിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.
2021 ഡിസംബറിന് ശേഷം പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളിലും പാകിസ്ഥാന് വിജയിക്കാന്‍ സാധിക്കാത്തതിന് ഏറെ വിമര്‍ശനങ്ങള്‍ ടീം നേരിടേണ്ടി വന്നിരുന്നു. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ കഴിഞ്ഞ മത്സരങ്ങള്‍ പാകിസ്ഥാന്‍ സമനിലയില്‍ പിരിയുകയായിരുന്നു.
പാകിസ്ഥാന്റെ തോല്‍വിയെത്തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
‘ഇത്തരമൊരു പിച്ചില്‍ ഒരു ടീമും കീഴടങ്ങില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ ടീമുകള്‍ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോറുകള്‍ നേടും. അവരുടെ മത്സരത്തിന്റെ ഹൈലൈറ്റ് നോക്കിയാല്‍ അവസാന ദിവസത്തില്‍ പാകിസ്ഥാന്‍ തകര്‍ന്നത് വ്യക്തമായി മനസിലാകും.
ഞാന്‍ അടുത്ത കാലത്തൊന്നും ഇത്തരത്തിലൊന്ന് കണ്ടിട്ടില്ല. അവസാന ഘട്ടത്തില്‍ മുഹമ്മദ് റിസ്വാന്‍ പൊരുതിയെങ്കിലും നസീം ഷാ ഒരു ചീപ്പ് ഷോട്ടിലാണ് പുറത്തായത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. പിച്ചില്‍ കാര്യമായി ഒന്നും സംഭവിച്ചിരുന്നില്ല,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.
വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഷൊരീഫുള്‍ ഇസ്ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടി.
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വമ്പന്‍ വിജയം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീമാണ്. ആദ്യ ഇന്നിങ്‌സില്‍ 341 പന്തില്‍ 22 ഫോറും ഒരു സിക്‌സും അടക്കം 191 റണ്‍സാണ് താരം നേടിയത്. ഇതോടെ ആദ്യ ടെസ്റ്റിലെ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
Content Highlight: Ashwin Talking About Pakistan’s defeat