കളിക്കാരുടെ ഏറ്റവും അപകടമായ പ്രവണതയാണത്; വെളിപ്പെടുത്തലുമായി അശ്വിന്‍
Sports News
കളിക്കാരുടെ ഏറ്റവും അപകടമായ പ്രവണതയാണത്; വെളിപ്പെടുത്തലുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2024, 8:30 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സ്പിന്‍ ബൗളറാണ് ആര്‍. അശ്വിന്‍. ഇന്ത്യയ്ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അശ്വിന് തന്റെ ബൗളിങ് മികവുകൊണ്ട് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ സന്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അശ്വിന്‍.

ക്രിക്കറ്റ് താരങ്ങള്‍ പരിശീലകരെയും ഉപദേഷ്ടാക്കളേയും അമിതമായി ആശ്രയിക്കുന്നുണ്ടെന്നും ഇത് കളിക്കാരുടെ കരിയറില്‍ വലിയ ബദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് അശ്വിന്‍ പറഞ്ഞത്. ഈ പ്രവണത ഭാവിയില്‍ കളിക്കാരന്റെ സ്വന്തം ആശയം ഇല്ലാതാക്കുകയും കരിയര്‍ വളര്‍ച്ചയെ ബാന്ധിക്കുമെന്നുമാണ് താരം പറഞ്ഞത്.

‘ധാരാളം കളിക്കാര്‍ പരിശീലകരെയോ ഉപദേഷ്ടാക്കളെയോ വളരെയധികം ആശ്രയിക്കുന്നു, അത് വളരെ അപകടകരമായ പ്രവണതയാണെന്ന് ഞാന്‍ കരുതുന്നു, കാരണം ആളുകളുമായി അടുക്കുന്നതും അമിതമായ ആശ്രിതത്വവും നിങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ തുറക്കാന്‍ സഹായിക്കില്ല,’ അശ്വിന്‍ പറഞ്ഞു.

ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 3309 റണ്‍സ് നേടാന്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചിട്ടുണ്ട്. അതില്‍ 516 വിക്കറ്റുകളും സ്വന്തമാക്കി ചരിത്രം കുറിക്കാനും അശ്വിന് കഴിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 156 വിക്കറ്റും 72 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 211 മത്സരങ്ങളില്‍ നിന്നും 180 വിക്കറ്റുകള്‍ നേടിയപ്പോള്‍ 800 റണ്‍സ് സ്വന്തമാക്കാനും അശ്വിന് കഴിഞ്ഞു.

ഐ.പി.എല്ലില്‍ നിലവില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് താരം കളിക്കുന്നത്. 2025 ഐ.പി.എല്‍ മെഗാലേലത്തില്‍ താരത്തെ രാജസ്ഥാന്‍ നിലനിര്‍ത്തുമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.

 

Content highlight: Ashwin Talking About Cricket Players dangerous Tendency