ഇന്ത്യ ഒരിക്കലും അതില്‍ വീഴരുത് അത് അവരുടെ രാജതന്ത്രമാണ്; ആര്‍. അശ്വിന്‍
Sports News
ഇന്ത്യ ഒരിക്കലും അതില്‍ വീഴരുത് അത് അവരുടെ രാജതന്ത്രമാണ്; ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th August 2023, 9:14 pm

 

ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് രാജ്യങ്ങളെല്ലാം. മികച്ച ടീമിനെ ഇറക്കി ലോകകപ്പ് നേടാനുള്ള ശ്രമത്തിലാണ് ടീമുകളെല്ലാം. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പായതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമും ഒരുപാട് പ്രതീക്ഷയിലാണ്. ഇന്ത്യയെ ഹോട്ട് ഫേവറേറ്റ്‌സായി കാണുന്നവരും കുറച്ചൊന്നുമല്ല.

ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ക്കും പ്രതീക്ഷകളേറയാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യന്‍ ടീം തന്നെ കിരീടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2013ന് ശേഷം ഇന്ത്യന്‍ ടീം ഒരു ഐ.സി.സി കിരീടം നേടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കുന്നതാണ് ഇതിന് പ്രധാന കാരണം. 2011ല്‍ ഇന്ത്യയില്‍ വെച്ച് ലോകകപ്പ് നേടിയപ്പോള്‍ എം.എസ്. ധോണിയുടെ കീഴില്‍ ഇന്ത്യയായിരുന്നു വിജയിച്ചത്.

ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ രാജ്യത്തെ 10 വേദികളിലായിട്ടാണ് നടക്കുക. നിലവില്‍ എല്ലാവരും കിരീട ഫേവറിറ്റുകളായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും മറ്റൊരു ടീമിനാണ് കൂടുതല്‍ സാധ്യതയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. 2011ല്‍ ധോണിക്ക് കീഴില്‍ വിശ്വവിജയികളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരം കൂടിയാണ് അദ്ദേഹം.

ഏകദിനത്തില്‍ നിലവില്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ലോകകപ്പില്‍ തനിക്ക് വിളിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് അശ്വിന്‍. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായി റെക്കോര്‍ഡിട്ട ഓസ്ട്രേലിയയാണ് ഇത്തവണ ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലെന്നു അശ്വിന്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം കളിക്കാരും ക്രിക്കറ്റ് വിദഗ്ധരും ഇന്ത്യയെയാണ് ഫേവറിറ്റുകളായി തെരഞ്ഞെടുത്തിരിക്കുന്നത്.

പക്ഷെ അത് തങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി അവര്‍ പ്രയോഗിക്കുന്ന തന്ത്രമാണ്. മുഴുവന്‍ സമ്മര്‍ദ്ദവും ഇന്ത്യന്‍ ടീമിനുമേല്‍ ആക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകായിരുന്നു അശ്വിന്‍.

‘ലോകകപ്പിലേക്ക് വരികയാണെങ്കില്‍ ഓസ്ട്രേലിയയാണ് കിരീട ഫേവറിറ്റുകളിലൊന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിക്കറ്റര്‍മാരും ഉപയോഗിക്കുന്ന തന്ത്രം കൂടിയാണിത്.

ഓരോ ഐ.സി.സി ടൂര്‍ണമെന്റുകള്‍ വരുമ്പോഴും അവര്‍ ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കും. തങ്ങള്‍ക്കുമേലുള്ള അമിത സമ്മര്‍ദ്ധം കുറയ്ക്കുന്നതിന് വേണ്ടിയാണിത്. മാത്രമല്ല നമുക്ക് മേല്‍ ഇത് കൂടുതല്‍ സമ്മര്‍ദ്ധമുണ്ടാക്കുകയും ചെയ്യും. ഇന്ത്യ ഇത്തവണ ഫേവറിറ്റുകളില്‍ ഒന്ന് തന്നെയാണ്. പക്ഷെ ഓസ്ട്രേലിയയും പവര്‍ഹൗസുകളാണ്,’അശ്വിന്‍ വിലയിരുത്തി.

1987 ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ ലോക ക്രിക്കറ്റില്‍ പവര്‍ഹൗസുകളായി മാറിയെന്നും ഇപ്പോഴും അത് തുടരുന്നുണ്ടെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Ashwin Says India Is not favourites for worldcup