വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ മുഖം ചുളിച്ചിരുന്നു. ഐ.സി.സി റാങ്കിങ്ങിലെ ഒന്നാമനായ അശ്വിനെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത് എന്നതുതന്നെയായിരുന്നു ആരാധകരെ നിരാശരാക്കിയത്. ഒടുവില്‍ ഓസീസിന് മുമ്പില്‍ നാണംകെട്ട് തോല്‍ക്കേണ്ടി വന്നപ്പോള്‍ അശ്വിന്റെ അഭാവം തന്നെയായിരുന്നു ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.
ബൗളര്‍ എന്ന നിലയില്‍ മാത്രമല്ല ഓള്‍ റൗണ്ടര്‍ എന്ന നിലയിലും ഐ.സി.സി റാങ്കിങ്ങില്‍ മുമ്പനായ അശ്വിന്‍ പലപ്പോഴും ഇന്ത്യയുടെ രക്ഷകനായിരുന്നു. അശ്വിന്റെ ക്രിക്കറ്റ് ബ്രെയ്ന്‍ ഗ്രൗണ്ടിലില്ലാതെ പോയതും ഇന്ത്യയുടെ പരാജയത്തിന് കാരണമായി.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അശ്വിന്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ തന്റെ പരിശ്രമുണ്ടായിരുന്നുവെന്നും ഫൈനല്‍ കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് അശ്വിന്‍ പറഞ്ഞത്.
‘ഇത് ഉത്തരം പറയാന്‍ അല്‍പം ബുദ്ധിമുട്ടേറിയ ചോദ്യമാണ്, അല്ലേ? കാരണം നമ്മളിപ്പോള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞതിന് ശേഷമാണ് സംസാരിക്കുന്നത്.
ഫൈനല്‍ കളിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഇന്ത്യ ഫൈനലിലെത്താന്‍ ഞാനും പങ്കുവഹിച്ചതിനാല്‍ ഫൈനല്‍ കളിക്കാന്‍ എനിക്കേറെ ഇഷ്ടമായിരുന്നു. കഴിഞ്ഞ ഫൈനലില്‍ ഞാന്‍ നാല് വിക്കറ്റ് നേടുകയും മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തിരുന്നു,’ അശ്വിന്‍ പറഞ്ഞു.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ആദ്യ ദിവസം തന്നെ പാളിയിരുന്നു. ആദ്യ സെഷനില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അപ്പര്‍ഹാന്‍ഡ് നേടിയെങ്കിലും തുടര്‍ന്നങ്ങോട്ട് ഓസ്‌ട്രേലിയ മത്സരം പിടിച്ചടക്കുകയായിരുന്നു.
ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 469 റണ്‍സാണ് ഓസീസ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ കഷ്ടിച്ച് ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ടായി.
രണ്ടാം ഇന്നിങ്‌സിലും ഓസീസ് തങ്ങളുടെ ക്ലാസ് പുറത്തെടുത്തു. 270 റണ്‍സിന് എട്ട് എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 445 റണ്‍സിന്റെ ടാര്‍ഗെറ്റ് ഇന്ത്യക്ക് മുമ്പില്‍ വെക്കുകയും ചെയ്തു.