| Thursday, 30th November 2023, 3:39 pm

'സഞ്ജു സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റാകേണ്ടതായിരുന്നു, അത് നടക്കാതെ പോയതിന് കാരണം...'; ആരാധകനതിരെ പൊട്ടിത്തെറിച്ച് അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

എം.എസ്. ദോണിയുടെ പിന്‍ഗാമിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സമീപിച്ചിരുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് രാജസ്ഥാന്‍ സൂപ്പര്‍ താരവും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ആര്‍. അശ്വിന്‍.

തന്റെ വാക്കുകളെ ഉദ്ധരിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് അശ്വിന്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും താന്റെ പേരുപയോഗിച്ച് കള്ളം പറയരുതെന്നും അശ്വിന്‍ പറഞ്ഞു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നതിനായി സഞ്ജു സാംസണെ സമീപിച്ചിരുന്നു. അക്കാര്യം ഏകദേശം തീരുമാനിക്കപ്പെട്ടതുമായിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ ഈ ഓഫര്‍ സ്വീകരിക്കാത്തതിനാല്‍ അത് നടക്കാതെ പോയി. എന്നാല്‍ ഭാവിയില്‍ ഇത് നടക്കുമെന്നാണ് വിശ്വസിക്കുന്നത്,’ എന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു എന്നാണ് വാര്‍ത്ത അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ ഇതിനെതിരെ അശ്വിന്‍ തന്നെ രംഗത്തുവന്നു. ഇത് വ്യാജവാര്‍ത്തയാണെന്നും തന്നെ ഉദ്ധരിച്ചുകൊണ്ട് കള്ളം പറയരുതെന്നും അശ്വിന്‍ പോസ്റ്റിന് കമന്റുമായെത്തി.

വ്യാജവാര്‍ത്തക്കെതിരെ അശ്വിന്‍ തന്നെ രംഗത്തെത്തിയതോടെ ആരാധകരും തങ്ങളുടെ അതൃപ്തി വ്യക്തമാക്കി. ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടരുതെന്നാണ് ഭൂരിഭാഗം ആരാധകരും ആവശ്യപ്പെട്ടത്.

എന്നാല്‍ താന്‍ മുരുഗന്‍ അശ്വിനെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു പോസ്റ്റ് പങ്കുവെച്ച ആരാധകന്റെ വാദം.

അതേസമയം, ഐ.പി.എല്‍ 2024ന് മുമ്പ് തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. സഞ്ജു സാംസണെ ക്യാപ്റ്റനായി നിലനിര്‍ത്തിക്കൊണ്ടാണ് രാജസ്ഥാന്‍ 2024 ഐ.പി.എല്ലിനിറങ്ങുന്നത്.

ജോ റൂട്ട് ഇത്തവണ കളിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ മോഡേണ്‍ ഡേ ഇംഗ്ലണ്ട് ലെജന്‍ഡിനയടക്കം രാജസ്ഥാന്‍ റിലീസ് ചെയ്തിരുന്നു. ജേസണ്‍ ഹോള്‍ഡര്‍, ഒബെഡ് മക്കോയ് എന്നിവരും റിലീസ് ചെയ്ത താരങ്ങളുടെ പട്ടികയിലുണ്ട്.

ഇതിന് പുറമെ ട്രേഡിങ്ങിലൂടെ ആവേശ് ഖാനെ ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

2022ല്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്. ഇത്തവണ രാജസ്ഥാന്ഡ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോര്‍, ആര്‍. അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത താരങ്ങള്‍

ജോ റൂട്ട്, ആബ്ദുള്‍ ബാസിത്, ജേസണ്‍ ഹോള്‍ഡര്‍, ആകാശ് വസിഷ്ഠ്, കുല്‍ദീപ് യാദവ്, ഒബെഡ് മക്കോയ്, മുരുഗന്‍ അശ്വിന്‍, കെ.സി. കരിയപ്പ, കെ.എം. ആസിഫ്.

Content highlight: R Ashwin reacts to fake news spread on his name

We use cookies to give you the best possible experience. Learn more