റാഞ്ചിയിലെ വിജയത്തിന് പിന്നാലെ സ്വന്തം മണ്ണില്‍ പരാജയമറിയാത്ത 17ാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2013ല്‍ ആരംഭിച്ച ഇന്ത്യയുടെ ജൈത്രയാത്ര 2024ലും തുടരുകയാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ 3-1നാണ് ഇന്ത്യ ലീഡ് ചെയ്യുന്നത്.
റാഞ്ചിയില്‍ നടന്ന നാലാം മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ താരമാണ് ആര്‍. അശ്വിന്‍. രണ്ടാം ഇന്നിങ്‌സില്‍ ഫൈഫര്‍ നേടിയാണ് അശ്വിന്‍ തിളങ്ങിയത്.
ഇതിന് മുമ്പുള്ള മത്സരങ്ങളില്‍ നിന്നായി ടെസ്റ്റിലെ 500 വിക്കറ്റും സ്വന്തം മണ്ണില്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് എന്നതുമടക്കം പല റെക്കോഡ് നേട്ടങ്ങളും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ മറ്റൊരു ചരിത്ര നേട്ടത്തിലേക്കാണ് അശ്വിന്‍ കാലെടുത്ത് വെക്കാനൊരുങ്ങുന്നത്. ഇന്ത്യക്കായി നൂറ് ടെസ്റ്റ് മത്സരങ്ങള്‍ എന്ന അപൂര്‍വ നേട്ടമാണ് ഇന്ത്യന്‍ ഇതിഹാസത്തിന് മുമ്പിലുള്ളത്. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ കളത്തിലിറങ്ങിയാല്‍ താരത്തിന് ഈ നേട്ടം സ്വന്തമാക്കാം.
2011ല്‍ റെഡ് ബോള്‍ കരിയര്‍ ആരംഭിച്ച അശ്വിന്‍ നിലവില്‍ 99 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്.
നിലവില്‍ വെറും 13 താരങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യക്കായി നൂറ് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്സര്‍ക്കാര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോഹ്‌ലി (113*), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചേതേശ്വര്‍ പൂജാര (103*), വിരേന്ദര്‍ സേവാഗ് (101) എന്നിവര്‍ മാത്രമാണ് ഇന്ത്യക്കായി നൂറ് റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചത്.
ഇക്കൂട്ടത്തില്‍ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യക്കായി അവസാനമായി നൂറ് ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയത്. 2023ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് പൂജാര തന്റെ നൂറാം ടെസ്റ്റ് മത്സരം കളിച്ചത്. ഇതിന് മുമ്പ് 2022ല്‍ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യക്കായി നൂറ് മത്സരം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ 2024ല്‍ അശ്വിന് മുമ്പിലും ഈ നേട്ടം കയ്യകലത്ത് എത്തിയിരിക്കുകയാണ്.
മാര്‍ച്ച് ഏഴിനാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്. ധര്‍മശാലയാണ് വേദി.
Content Highlight: Ashwin needs just one match to complete 100 test matches