ഒരേയൊരു അശ്വിന്‍, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പര്യായം; സച്ചിനെയും വിരാടിനെയും വെട്ടി ചരിത്ര നേട്ടം
Sports News
ഒരേയൊരു അശ്വിന്‍, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പര്യായം; സച്ചിനെയും വിരാടിനെയും വെട്ടി ചരിത്ര നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd January 2024, 4:33 pm

 

ഐ.സി.സി 2023ലെ ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ടീമിന്റെ ഭാഗമായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും ഐ.സി.സിയുടെ വേള്‍ഡ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ടീമിന്റെ ഭാഗമായി.

ഓസ്‌ട്രേലിയയെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചൂടിച്ച പാറ്റ് കമ്മിന്‍സാണ് ടീം ഓഫ് ദി ഇയറിന്റെയും ക്യാപ്റ്റന്‍. കമ്മിന്‍സ് അടക്കം അഞ്ച് ഓസീസ് താരങ്ങള്‍ ടീമിന്റെ ഭാഗമായപ്പോള്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും ടീമില്‍ ഇടം നേടി. ശ്രീലങ്ക, ന്യൂസിലാന്‍ഡ് ടീമുകളില്‍ നിന്നും ഓരോരുത്തരും ഉള്‍പ്പെടുന്നതാണ് ടീം ഓഫ് ദി ഇയര്‍.

ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയര്‍ 2023

ഉസ്മാന്‍ ഖവാജ, ദിമുത് കരുണരത്‌നെ, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ട്രാവിസ് ഹെഡ്, രവീന്ദ്ര ജഡേജ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ആര്‍. അശ്വിന്‍, മിച്ചല്‍ സ്റ്റാര്‍ക്, സ്റ്റുവര്‍ട്ട് ബ്രോഡ്.

2023ലെ ഐ.സി.സി ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും സ്ഥാനം കണ്ടെത്തിയതോടെ ഒരു അത്യപൂര്‍വ നേട്ടമാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഏറ്റവുമധികം തവണ ടെസ്റ്റ് ടീം ഓഫ് ദി ഇയറില്‍ സ്ഥാനം കണ്ടെത്തുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ഇതുവരെ ആറ് തവണയാണ് അശ്വിന്‍ ടെസ്റ്റ് ടീം ഓഫ് ദി ഇയറിന്റെ ഭാഗമായത്. ഇതില്‍ നാല് തവണ ആദ്യ ഇലവനില്‍ സ്ഥാനം സ്വന്തമാക്കിയപ്പോള്‍ രണ്ട് തവണ 12th മാനായും ടീമില്‍ ഇടം നേടി. ആദ്യ ഇലവനില്‍ മൂന്നിലധികം തവണ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ താരവും അശ്വിന്‍ തന്നെ.

2013, 2015, 2016, 2017, 2021, 2023 വര്‍ഷങ്ങളിലാണ് അശ്വിന്‍ വേള്‍ഡ് ടീമില്‍ ഇടം നേടിയത്. 2013ലും 2015ലുമായിരുന്നു 12th മാനായി അശ്വിന്‍ ടീമിന്റെ ഭാഗമായത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, എം.എസ്. ധോണി, വിരേന്ദര്‍ സേവാഗ് എന്നിവര്‍ മൂന്ന് തവണ ടീം ഓഫ് ദി ഇയറില്‍ സ്ഥാനം നേടിയപ്പോള്‍ ചേതേശ്വര്‍ പൂജാര, രാഹുല്‍ ദ്രാവിഡ്, റിഷബ് പന്ത്, സഹീര്‍ ഖന്‍ എന്നിവര്‍ രണ്ട് തവണയും ഈ നേട്ടത്തിലെത്തി. സഹീര്‍ രണ്ട് തവണയും 12th മാനായാണ് ടീമിന്റെ ഭാഗമായത്.

ഐ.സി.സി ടെസ്റ്റ് ടീം ഒഫ് ദി ഇയറില്‍ ഏറ്റവുമധികം തവണ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ ഇടം നേടി – വര്‍ഷം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 6 – 2013, 2015, 2016, 2017, 2021, 2023

വിരേന്ദര്‍ സേവാഗ് – 3 – 2005, 2008, 201

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 3 – 2009, 2010, 2011

എം.എസ്. ധോണി – 3 – 2009, 2010, 2013

വിരാട് കോഹ്‌ലി – 3 – 2017, 2018, 2019

രാഹുല്‍ ദ്രാവിഡ് – 2 – 2004, 2006

ചേതേശ്വര്‍ പൂജാര – 2 – 2013, 2017

റിഷബ് പന്ത് – 2 – 2021, 2022

സഹീര്‍ ഖാന്‍ – 2 – 2007, 2011

 

Content highlight: Ashwin holds the record of being the most Indian player to be named in the Test Team of the Year.