| Wednesday, 13th March 2024, 3:33 pm

പ്ലെയര്‍ ഓഫ് ദി മാച്ചും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ഇല്ലെങ്കിലെന്താ... ഐ.സി.സിയുടെ അംഗീകാരത്തില്‍ തിളങ്ങി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി അശ്വിന്‍. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് അശ്വിനെ തേടി ഈ നേട്ടമെത്തിയത്.

പരമ്പരയില്‍ രണ്ട് ഫൈഫറടക്കം 26 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരില്‍ പ്രധാനിയും അശ്വിന്‍ തന്നെയായിരുന്നു.

ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തിയത്. നിലവില്‍ 870 റേറ്റിങ്ങാണ് അശ്വിനുള്ളത്.

ഇത് മൂന്നാം തവണയാണ് അശ്വിന്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 2016ല്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ അശ്വിന്‍ 2023 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒരിക്കല്‍ക്കൂടി ഒന്നാമനായിരുന്നു.

ഓസ്‌ട്രേലിയയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കങ്കാരുക്കള്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച ജോഷ് ഹെയ്‌സല്‍വുഡാണ് പട്ടികയില്‍ രണ്ടാമത്.

രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 847 റേറ്റിങ്ങുമായാണ് ഹെയ്‌സല്‍വുഡ് രണ്ടാം സ്ഥാനത്തുള്ളത്.

ഹെയ്‌സല്‍വുഡിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഒന്നാം സ്ഥാനത്തേക്ക് അശ്വിന്‍ കയറിയപ്പോള്‍ 847 റേറ്റിങ്ങുമായി ബുംറ രണ്ടാം സ്ഥാനത്തേക്ക് വീണു.

കഗീസോ റബാദ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തെത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ് അഞ്ചും നഥാന്‍ ലിയോണ്‍ ആറാം സ്ഥാനവും നിലനിര്‍ത്തി.

അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഷഹീന്‍ അഫ്രിദി ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. ന്യൂസിലാന്‍ഡിന്റെ കൈല്‍ ജാമിസണിനെയാണ് താരം പിന്തള്ളിയത്.

788 റേറ്റിങ്ങുമായി ജഡേജ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

(ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

അതേസമയം, ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ ഒന്നാം സ്ഥാനത്തും അശ്വിന്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്.

അക്‌സര്‍ പട്ടേല്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് ആദ്യ അഞ്ചില്‍ നിന്ന് പുറത്തായപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

(ഐ.സി.സി ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്തും ജോ റൂട്ട് രണ്ടാം സ്ഥാനത്തും തുടരുകയാണ്. ബാബര്‍ അസവും ഡാരില്‍ മിച്ചലും മൂന്നാം സ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തി.

രോഹിത് ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി ആറാമതെത്തിയപ്പോള്‍ ജെയ്‌സ്വാള്‍ പത്തില്‍ നിന്നും എട്ടിലേക്ക് റാങ്ക് ഉയര്‍ത്തി. വിരാട് എട്ടാം സ്ഥാനത്ത് നിന്നും ഒമ്പതാം സ്ഥാനത്തേക്ക് വീണു.

(ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

Content highlight: Ashwin has once again topped the list of bowlers in the ICC Test rankings

We use cookies to give you the best possible experience. Learn more